ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ; പ്രവാസിയെയോ ഉണ്ണികൃഷ്ണന്‍ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി
മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണന്‍ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി. മണിക്ക് പിന്നില്‍ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് എസ്‌ഐടി. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖരെയും ഉള്‍പ്പെടെ ശ്രീകൃഷ്ണന്‍ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്റെ മൊഴിയില്‍ മുഴുവന്‍ ദുരൂഹതയുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
tRootC1469263">
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്‌ഐടിയുടെ നീക്കം.
പോറ്റിക്കും, ഭണ്ഡാരിക്കും, ഗോവര്‍ധനും കൊള്ളയില്‍ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടത്തല്‍. കൈക്കലാക്കിയ സ്വര്‍ണം എവിടെയെല്ലാം എത്തി എന്നതില്‍ അടക്കം വ്യക്തത തേടുകയാണ് ചോദ്യം ചെയ്യലിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ സര്‍ക്കാരിലേയും രാഷ്ട്രീയ നേതൃത്വത്തിലേയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്.
.jpg)


