ശബരിമല സ്വര്‍ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയായി ; തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തി സിപിഎം
ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ടു. തിരിച്ചു പിടിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യമുയര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ശബരിമല സ്വര്‍ണക്കൊള്ള വിവാദം തിരിച്ചടിയായതായി സംസ്ഥാന സമിതി വിലയിരുത്തി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കിയെന്നും നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ടു. തിരിച്ചു പിടിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാനായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമര്‍ശനങ്ങള്‍. 14 ജില്ലാ കമ്മിറ്റികളും ചര്‍ച്ച ചെയ്ത് തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
tRootC1469263">ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനം ഉചിതമായിരുന്നില്ല. കേസില്‍ പ്രതിയായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിച്ചെന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ടായി. ശബരിമല വിവാദത്തിലെ എല്ലാതരത്തിലുള്ള പ്രശ്നങ്ങളും പാര്‍ട്ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. താഴേതട്ടില്‍ വീടുകള്‍ കയറി ഇറങ്ങി വോട്ടു ചോദിക്കുമ്പോള്‍ ശബരിമലയിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേള്‍ക്കേണ്ടിവന്നു. അതിന് ഉത്തരം പറയാന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച സഖാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ടുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും തിരിച്ചു പിടിക്കാന്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്നം നേരിടേണ്ടിവരുമെന്നും അംഗങ്ങള്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഐഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സര്‍ക്കാര്‍ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിമര്‍ശനമുണ്ട്.
ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും ബാധിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ സംഘടനാപരമായ വീഴ്ചയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് വീഴ്ച ഉണ്ടായെന്നും വിമര്‍ശനമുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെയടക്കം വന്‍ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. എന്നാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.
.jpg)


