ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ചു വിറ്റ സംഭവം: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

k muralidharan

മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിച്ചതിലാണ് ദേവസ്വം ബോര്‍ഡിലേക്കും അന്വേഷണം വ്യാപിക്കുന്നത്.

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ചു വിറ്റ സംഭവത്തില്‍ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. മില്‍മ നല്‍കിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കും. നേരത്തെ വിഷയത്തില്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ ഇതിനോടകം വിജിലന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.


മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിച്ചതിലാണ് ദേവസ്വം ബോര്‍ഡിലേക്കും അന്വേഷണം വ്യാപിക്കുന്നത്. നെയ്യ് തട്ടിപ്പില്‍ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി കെ മുരളീധരന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ദേവസ്വം മന്ത്രി റിപ്പോര്‍ട്ട് തേടിയത്. ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം കമ്മീഷണര്‍ അന്വേഷിക്കും. നെയ്യ് കൊടുത്ത മില്‍മയെപ്പോലെ വാങ്ങിയ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്തമുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

വിറ്റവര്‍ ഗുണമേന്മ ഇല്ലാത്ത സാധനം വിറ്റെങ്കില്‍ എന്തിനത് വാങ്ങിയെന്നും അത് വലിയ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുവെന്നും അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Tags