ശബരിമല നെയ്യ് ക്രമക്കേട് : അന്തിമ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം വിജിലൻസ്
പത്തനംതിട്ട : ശബരിമല നെയ്യ് ക്രമക്കേടിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസാണ് നെയ്യ് ക്രമക്കേടിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം വിജിലൻസ് എസ്പി റിപ്പോർട്ട് കൈമാറി. കേസിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നതാണ് റിപ്പോർട്ട്. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിനു മുമ്പ് മാറ്റിയതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഓർഡർ ചെയ്ത നെയ്യ് പൂർണ്ണമായും എത്തിയിട്ടില്ലെന്നും നിഗമനമുണ്ട്.
പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയത് എന്നാണ് വിവരം. നെയ്യ് എത്തിക്കുന്നതിന് കരാറുകാരൻ കുറഞ്ഞ തുക കോട്ട് ചെയ്തത് സംശയാസ്പദമാണെന്നാണ് വിലയിരുത്തൽ. വിശദമായ അന്വേഷണം വേണമെന്നും ദേവസ്വം വിജിലൻസ് എസ്പിയുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ദേവസ്വം വിജിലൻസ് കണ്ടെത്തലിൽ പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധന നടത്തും എന്നാണ് വിവരം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. പമ്പയിൽ നെയ്യ് എത്തിച്ചപ്പോൾ ആവശ്യമായ പരിശോധന നടത്താതെയാണ് നെയ്യ് സന്നിധാനത്തേക്ക് കയറ്റി ആയച്ചത് എന്നും കണ്ടെത്തിയുണ്ട്. വിജിലൻസ് എസ്പി എം ജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നത്. ക്രമക്കേടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ ബോർഡ് ആംഗം എ അജികുമാർ, മുരാരി ബാബു എന്നിവരാണ് പ്രതികൾ. എന്നാൽ ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. 2025ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോർഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കാളികളായി. ഈ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകി. സാധാരണ നെയ്യ് ഉപയോഗിക്കുമ്പോൾ ഒരു കൂട്ട് അരവണ ഉണ്ടാക്കാൻ പത്ത് ലിറ്റർ നെയ്യ് വേണ്ടിവരുന്ന സ്ഥാനത്ത് മിൽമ നെയ്യാകുമ്പോൾ ഏഴ് മുതൽ ഏഴര ലിറ്റർ മതിയാകും. ഇതിനാലാണ് മിൽമയ്ക്ക് മുൻഗണന നൽകാൻ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ശുപാർശ നൽകിയത്. ഇക്കാര്യം ദേവസ്വം കമ്മീഷണർ എതിർത്തെങ്കിലും ഈ നിലപാട് തള്ളി മിൽമയ്ക്ക് കരാർ നൽകാൻ പി എസ് പ്രശാന്തും ബോർഡ് അംഗം അജികുമാറും തീരുമാനമെടുത്തു.
ടെൻഡറിൽ പങ്കെടുത്ത തമിഴ്‌നാട്ടിൽ നിന്നുള്ള സ്ഥാപനം ഒരു ലിറ്റർ നെയ്യ്ക്ക് 369രൂപ കോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510രൂപയാണ് ചെലവാക്കിയത്. ഇത്തരത്തിൽ 1.65ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്നും വാങ്ങിയതിലൂടെ ബോർഡിന് 2.27കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
.jpg)

