ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം സജ്ജം

Preparations for the Sabarimala Mandala season are complete; the district administration is ready to welcome pilgrims.


ശബരിമല : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അവസാനഘട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും പൂര്‍ണ്ണ സജ്ജമായതായും ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി കളക്ടറേറ്റ് ഗവി ഹാളില്‍ ചേര്‍ന്ന  അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എച്ച്, കെ.എസ്.ടി.പി. എന്നിവയ്ക്ക് ലഭിച്ച ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിച്ച് മണ്ണാറക്കുളഞ്ഞി മുതലുള്ള റോഡുകളുടെ വശങ്ങള്‍ വൃത്തിയാക്കുലും മാര്‍ക്കിങ്സും പൂര്‍ത്തിയാക്കി. നിശ്ചയിച്ച സമയപരിധിയുടെ മൂന്നിലൊന്ന് സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചാലക്കയം - പമ്പ റോഡിന്റെ ഉദ്ഘാടനം നവംബര്‍ 15 ന് രാവിലെ  പൊതുമരാമത്ത്, ദേവസ്വം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിക്കും. അന്നേ ദിവസം തന്നെ കെ.എസ്.ഇ.ബി. പൂര്‍ത്തീകരിച്ച ചാലക്കയം - പമ്പ റോഡിന്റെ വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടക്കും.

ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ ആദ്യമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നായി  1,35,000 കിലോ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ദേവസ്വം ബോര്‍ഡും സാനിറ്റേഷന്‍ സൊസൈറ്റിയും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും   സന്നിധാനവും പമ്പയും പൂര്‍ണ്ണമായും മാലിന്യമുക്തമായി തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ പരിശ്രമങ്ങളെ എടുത്തു കാട്ടിയ അദേഹം അവരെ പ്രത്യേകം അഭിനന്ദിച്ചു.

പരമ്പരാഗത പാതയായ നീലിമല - അപ്പാച്ചിമേട് റോഡില്‍ 24 മണിക്കൂറും തുടര്‍ച്ചയായ ശുചീകരണം ഉറപ്പാക്കാനും  വശങ്ങള്‍ മാലിന്യമുക്തമാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളും കൂടുതല്‍ മൊബൈല്‍ ടോയ്ലറ്റുകളും സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ച 3 കോടി 30 ലക്ഷത്തോളം രൂപയുടെ ശബരിമല തീർത്ഥാടന കാലയളവിൽ  വിനിയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം  കെ.എസ്.ഇ.ബി. ഒരു അധിക ഇ.വി. ചാര്‍ജിങ് സ്റ്റേഷന്‍ കൂടി പൂര്‍ത്തീകരിച്ചതായും എല്ലാ ഇടത്താവളങ്ങളിലും മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷനുകളും ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. പോലീസിനായി ആറ് പുതിയ ബാരക്കുകള്‍ നിര്‍മ്മിച്ചു. ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കായി റോഡുകളില്‍ സ്റ്റിക്കറുകളും ബ്ലിങ്കറുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ എന്‍.എച്ച്., പി.ഡബ്ല്യു.ഡി. വിഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പമ്പയില്‍ എല്ലാ വകുപ്പുകളുടെയും നോഡല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്‍. സജ്ജമാക്കി. 

ജനുവരി അവസാനം വരെ നീളുന്ന തീര്‍ത്ഥാടന കാലയളവില്‍ എല്ലാ വകുപ്പുകളും ഒരേ ആവേശത്തോടെയും ഏകോപനത്തോടെയും പ്രവര്‍ത്തിക്കണമെന്നും, ചെറിയ വിഷയങ്ങള്‍ പോലും അടിയന്തരമായി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികളും ടോയ്ലറ്റ് നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുന്നൊരുക്കങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതായും കളക്ടര്‍ പറഞ്ഞൂ

സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി മണ്ഡലകാലത്ത് 5000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലയ്ക്കലിൽ പോലീസിന്റെ നിയന്ത്രണത്തിലുള്ള എഐ പാർക്കിംഗ് സംവിധാനം അവസാനഘട്ടത്തിലാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.  നട തുറക്കുന്നതിന് ഒരു ദിവസം മുൻപ് എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് എത്തും. 

ആരോഗ്യവകുപ്പിന്റെ പമ്പ സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികൾ നവംബർ 17 മുതൽ പ്രവർത്തിക്കും. ഇ ഒ സി സ്റ്റാഫുകൾക്ക് നവംബർ 14ന് പരിശീലനം നൽകും. ദേവസ്വം ബോർഡിൽ നിന്ന് കടകളുടെ വിവരങ്ങൾ ശേഖരിച്ച് ജീവനക്കാർക്ക് ഹെൽത്ത്‌ കാർഡ്  ഉണ്ടെന്ന് ഉറപ്പാക്കും. 
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല, പമ്പ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലായി 
50 ഓളം ആംബുലൻസുകളും സജ്ജമാക്കും.  
 എ എൽ എസ്, ബി എൽ എസ് ആംബുലൻസുകൾ,  നാല് ഓഫ് റോഡ് ആംബുലൻസുകൾ ഉള്ളപ്പെടെ ആണിത്. 

കെഎസ്ആർടിസി 148 ചെയിൻ സർവീസുകളും 40 എസി ബസ്സുകളും അഞ്ചു മിനി ബസ്സുകളും സജ്ജമാക്കും. പോലീസിന്റെ നിർദ്ദേശാനുസരണം പമ്പയിലേക്കുള്ള ട്രിപ്പുകൾ ക്രമീകരിക്കും.  ബിഎസ്എൻഎലിന്റെ  ടവറുകൾ പ്രവർത്തനക്ഷമമാക്കുന്നതും താൽക്കാലിക ടവറുകൾ സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള പ്രവൃത്തികൾ പൂർത്തിയായി

Tags