ശബരിമല നട നാളെ തുറക്കും ; ചിങ്ങമാസ പൂജകൾക്കും ഓണ പൂജകൾക്കുമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Sabarimala is getting ready for a drastic change; Waiting for a digital makeover...!

 പത്തനംതിട്ട : ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല നട തുറക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആഗസ്റ്റ് 16ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ചിങ്ങം ഒന്നിന് അതായത് ആഗസ്റ്റ് 17ന് രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനത്തിനായി അനുമതി നൽകുന്നത്.

ചിങ്ങം ഒന്നിന് ഉഷഃപൂജയ്ക്ക് ശേഷം ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുകയാണ് ഉൾക്കഴകത്തിന്റെ പ്രധാന ചുമതല. ചിങ്ങം ഒന്നു മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും ഉണ്ടായിരിക്കുന്നതാണ്. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ആഗസ്റ്റ് 24ന് വീണ്ടും നട തുറക്കുകയും ചെയ്യും.

ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി വെർച്വൽ ക്യൂ ബുക്കിംഗ് നടത്തി സ്ലോട്ട് ഉറപ്പാക്കേണ്ടതാണ്. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ആഗസ്റ്റ് 16 മുതൽ 28 വരെ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസുകൾ ഉണ്ടായിരിക്കും.

ട്രെയിൻ മാർഗം എത്തുന്ന ഭക്തർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ – പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും ബസ് സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും തിരിച്ച് ഇതേ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്.

തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപത്തെ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ആരംഭിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതവും സുഗമവുമായ യാത്ര പൂർണ്ണമായി ഉറപ്പാക്കുന്നതിനാണ് ഈ പ്രത്യേക സംവിധാനങ്ങൾ എന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags