പുഷ്പഭംഗിയിൽ മുങ്ങി അയ്യപ്പസന്നിധി: ശബരീ നന്ദനത്തിന്റെ അപൂർവ്വ കാഴ്ച

A rare glimpse of Sabari Nandanam in the presence of Lord Ayyappa immersed in floral beauty
A rare glimpse of Sabari Nandanam in the presence of Lord Ayyappa immersed in floral beauty

ശബരിമല : ഭക്തിയും പ്രകൃതിയും ഒന്നാകുന്ന അപൂര്‍വ്വ കാഴ്ച ഒരുക്കുകയാണ് അയ്യപ്പസന്നിധിയിലെ ശബരീ നന്ദനം. അയ്യനെ തൊഴാനെത്തുന്ന ഭക്തര്‍ക്ക് മനം കുളിര്‍പ്പിക്കുന്ന അനുഭൂതിയാണ് പുഷ്പഭംഗി നിറഞ്ഞുനില്‍ക്കുന്ന ഈ പൂന്തോട്ടം നല്‍കുന്നത്. പാണ്ടിത്താവളത്തേക്കുള്ള പടി കയറി എത്തി ഇടത്തേക്ക് തിരിയുമ്പോഴാണ് ശബരീ നന്ദനം. 39 സെന്റ് സ്ഥലത്താണ് ശബരീ നന്ദനം സ്ഥിതി ചെയ്യുന്നത്. 70 മീറ്റര്‍ നീളവും 22.5 മീറ്റര്‍ വീതിയുമുള്ള പൂന്തോട്ടത്തിന് 1575 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം.  

tRootC1469263">

A rare glimpse of Sabari Nandanam in the presence of Lord Ayyappa immersed in floral beauty

അഞ്ചുതട്ടുകളിലായാണ് ഇവിടെ ചെടികള്‍ നട്ടുപിടിച്ചിരിക്കുന്നത്. 1200 മുല്ല, 750 റോസാച്ചെടികള്‍, 1000 ചെത്തി തുടങ്ങിയവയാണ് നട്ടുപിടിപ്പിരിക്കുന്നതെന്ന് മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി. മനോജ് കുമാര്‍ പറഞ്ഞു. ജമന്തി, തുളസി എന്നിവയുമുണ്ട്. മരാമത്ത് വിഭാഗമാണ് പൂന്തോട്ടം പരിപാലിക്കുന്നത്. 

കള കയറാതിരിക്കാന്‍ പ്രത്യേക ഷീറ്റ് പാകിയാണ് പരിപാലിച്ചിരിക്കുന്നത്. 40 ലധികം സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് ചെടികള്‍ നനയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചെടികള്‍ നട്ടത്. ഗോശാലയില്‍ നിന്നുള്ള ചാണകവും പിണ്ണാക്കും ഉപയോഗിച്ചാണ് ചെടികള്‍ക്ക് വളമിടുന്നത്. പ്രാണികളുടെ ശല്യം ഒഴിവാക്കാന്‍ ബന്ദി ചുറ്റും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

പൂജാപുഷ്പങ്ങളാണ് പൂന്തോട്ടത്തിലുള്ളത്. പുഷ്പാഭിഷേകത്തിനും മറ്റും പുറത്ത് നിന്നാണ് പൂക്കള്‍ എത്തിക്കുന്നതെങ്കിലും പൂജയ്ക്കും മറ്റു കര്‍മ്മങ്ങള്‍ക്കും ആവശ്യമെങ്കില്‍ ഇവിടെ നിന്ന് പൂക്കള്‍ ശേഖരിക്കാമെന്ന് മനോജ് കുമാര്‍ പറഞ്ഞു. ഗണപതിഹോമത്തിന് ഉപയോഗിക്കുന്ന ശംഖുപുഷ്പവും നട്ടിട്ടുണ്ട്. 

നാലുവശവും കമ്പിവലകള്‍ കൊണ്ട് തിരിച്ച് ഗേറ്റും സ്ഥാപിച്ച് തോട്ടം സുരക്ഷിതമാക്കിയിട്ടുണ്ട്.  വളമിടല്‍, വെള്ളം നനയ്ക്കല്‍ ഉള്‍പ്പടെ പൂന്തോട്ടം പരിപാലിക്കുന്നത് പത്തനംതിട്ട ജില്ലയിലെ അടിച്ചിപ്പുഴ സ്വദേശി ടി.എസ്. സജിത്താണ്.