യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികൻ അഖില്‍ ജോയന്റെ മൃതദേഹം ഓഗസ്റ്റ് 24ന് വീട്ടിലെത്തിക്കും
ചെറുപുഴ: യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായമര്ച്ചന്റ് നേവി ജീവനക്കാരന് അഖില്‍ ജോയന്റെ (26) മൃതദേഹം 24നു വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും.യുക്രെയ്നില്‍നിന്നു മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കും.
23നു ബംഗളൂരുവിലെത്തിക്കുന്ന മൃതദേഹം 24ന് ആംബുലന്‍സിലാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുക. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും നോര്‍ക്കയില്‍നിന്നും ജില്ലാ കളക്ടര്‍ക്കു ലഭിച്ചു. ജൂലൈ 20നാണ് അഖില്‍ കൊല്ലപ്പെട്ട വിവരം അധികൃതര്‍ വീട്ടുകാരെ അറിയിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചിരുന്നു. യുക്രെയിനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്.
.jpg)

