കേരളത്തിൽ ആർഎസ്എസ് സംഘടനാ സംവിധാനം പുനഃസംഘടിപ്പിക്കുന്നു; പ്രാന്തങ്ങൾക്ക് പകരം മൂന്ന് സംഭാഗുകൾ
തിരുവനന്തപുരം: കേരളത്തിലെ ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ സമഗ്രമായ പുനഃസംഘടനയ്ക്ക് ആലോചന. നിലവിലുള്ള ഉത്തര, ദക്ഷിണ പ്രാന്തങ്ങൾ എന്നിങ്ങനെ രണ്ട് ഭരണവിഭാഗങ്ങൾക്ക് പകരം, അടുത്ത വർഷം മാർച്ചോടെ സംസ്ഥാനത്തെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സംഭാഗുകളായി (Division) വിഭജിക്കാനാണ് നീക്കം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശാഖകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഈ വികേന്ദ്രീകരണമെന്ന് നേതൃത്വം വിലയിരുത്തുന്നു.
പുതിയ വിഭജനമനുസരിച്ച് കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകൾ കോഴിക്കോട് സംഭാഗിലും, തൃശൂർ മുതൽ കോട്ടയം വരെയുള്ള ജില്ലകൾ എറണാകുളം സംഭാഗിലും, ശേഷിക്കുന്ന തെക്കൻ ജില്ലകൾ തിരുവനന്തപുരം സംഭാഗിലുമാണ് ഉൾപ്പെടുക. രാജ്യവ്യാപകമായി 46 പ്രാന്തങ്ങളെ 90 സംഭാഗുകളാക്കി മാറ്റാനുള്ള ആർഎസ്എസ് ദേശീയ തീരുമാനത്തിന്റെ ഭാഗമായാണ് കേരളത്തിലും മാറ്റങ്ങൾ വരുന്നത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 'പ്രാന്ത പ്രചാരക്' എന്ന പദവി ഇല്ലാതാവുകയും, സംസ്ഥാനത്തിന് മുഴുവനായി ഒരൊറ്റ 'പ്രദേശ് പ്രചാരക്' ചുമതലയേൽക്കുകയും ചെയ്യും. ഇത് ബിജെപി ഉൾപ്പെടെയുള്ള പോഷക സംഘടനകളുമായുള്ള ആശയവിനിമയത്തിലും തെരഞ്ഞെടുപ്പ് ഏകോപനത്തിലും ഏകീകൃത നേതൃത്വം ഉറപ്പാക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മൂന്ന് സംഭാഗുകൾക്കും പ്രത്യേകം സംഘചാലക്, കാര്യവാഹ് ഉൾപ്പെടെയുള്ള ഭാരവാഹികൾ ഉണ്ടായിരിക്കും. എന്നാൽ കേരള പ്രദേശിന് പ്രത്യേകമായി സംഘചാലക് ഉണ്ടായിരിക്കില്ല. ഡിസംബർ അവസാനത്തോടെ ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമെടുത്ത ശേഷം, 2027 മാർച്ചിൽ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിൽ ഈ മാറ്റങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
.jpg)

