വിഴിഞ്ഞത്ത് 2497 കോടി മുടക്കി പോക്കറ്റിലാക്കുന്നത് 13000 കോടി! സതീശന്‍ കേരളത്തോട് ഒരു കാര്യം വ്യക്തമാക്കണമെന്ന് തോമസ് ഐസക്ക്

It doesn't matter if it's called 'Ra Ga Rail'; Thomas Isaac says high-speed rail is essential for Kerala's development

അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തിന് തെറ്റിദ്ധാരണ ഉണ്ടായെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ടി.എം. തോമസ് ഐസക്ക്. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സര്‍ക്കാരിന്റെ വിസാല്‍ എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് പിപിപി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതുപ്രകാരം 61.5 ശതമാനം (5370 കോടി രൂപ) കേരള സര്‍ക്കാരാണ് ചെലവാക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംങ് എന്ന നിലയില്‍ കേരളത്തിനു കേന്ദ്രം വായ്പ നല്‍കുന്ന പണമാണ്. അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഇപ്പോള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി 13000 കോടി രൂപയ്ക്ക് വിഴിഞ്ഞം പോര്‍ട്ടിനായി രൂപീകരിച്ച അദാനി കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങുന്നൂവെന്നാണ് റിപ്പോര്‍ട്ട്. 2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകും. ഇത് കേരളത്തില്‍ നടത്തുന്ന മുതല്‍മുടക്കാണെന്ന് ദേശാഭിമാനി പത്രം തെറ്റിദ്ധരിച്ചൂവെന്ന് തോന്നുന്നു. ഇത് അദാനിയുടെ ഓഹരിക്ക് നല്‍കുന്ന വിലയാണ്. എന്നാല്‍ പോകുന്നത് അദാനിയുടെ പോക്കറ്റിലേക്കാണ്. ഇതാണ് ഡീലിന്റെ വലുപ്പം- ഐസക് പറയുന്നു.

സമുദ്ര മിഷന്‍ സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം. വിഴിഞ്ഞം പോര്‍ട്ടിന്റെ ഉടമസ്ഥനായ കേരള സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു നടപടിക്ക് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിര്‍ദ്ദേശമാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തോട് വ്യക്തമാക്കേണ്ടുന്ന ഒരു കാര്യം അദാനി കമ്പനി അധികൃതരുമായി അനൗപചാരികമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് ഏതെങ്കിലും ഘട്ടത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് മംഗലാപുരത്ത് അദാനി കമ്പനി പ്രതിനിധികളെ കാണുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ദുരുഹമായൊരു സന്ദര്‍ശനം അദ്ദേഹം നടത്തിയിരുന്നുവല്ലോ. കേരള സര്‍ക്കാരിനെ പൂര്‍ണ്ണമായും മറയത്ത് ഇരുത്തി ഇത്തരമൊരു നീക്കം അദാനി നടത്തിയെന്നത് അവിശ്വസനീയമാണ്.
കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഇത്തരത്തില്‍ കുത്തകകള്‍ക്കും വിദേശ കമ്പനികള്‍ക്കും കൈമാറുന്നതിനുള്ള നീക്കമല്ല സമുദ്ര മിഷനിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി സതീശന് എങ്ങനെ ഉറപ്പു പറയാനാകും? കേരളം മുഴുവന്‍ തീരദേശ, മലയോര ദേശീയപാത റോഡുകളാലും ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗത്താലും തീരദേശ കപ്പല്‍ മാര്‍ഗത്താലും പരസ്പര ബന്ധിതമാക്കിയും വ്യവസായ കോറിഡോറുകളുടെയും പാര്‍ക്കുകളുടെയും ശൃംഖലകള്‍ സൃഷ്ടിച്ച് ഒരു വിജ്ഞാന തൊഴില്‍ സമ്പദ്ഘടനയായി പരിവര്‍ത്തനം ചെയ്യുന്നതിനാണ് എല്‍ഡിഎഫ് ലക്ഷ്യം വച്ചത്. ഇതിനു പകരം തുറമുഖങ്ങളെ അടിസ്ഥാനമാക്കി കപ്പല്‍ മാര്‍ഗ്ഗേണയുള്ള കയറ്റുമതി ഘനവ്യവസായങ്ങള്‍ സ്ഥാപിച്ച് പുതുയുഗ കേരളത്തെ സൃഷ്ടിക്കാനാണ് വി.ഡി. സതീശന്‍ ശ്രമിക്കുന്നത്. ഇത് ഉയര്‍ത്താന്‍ പോകുന്ന പ്രശ്‌നങ്ങളുടെ നാന്ദിയാണ് അദാനിയുടെ ഓഹരി വില്‍പ്പന- ഐസക് വിമര്‍ശിച്ചു.

Tags