വിവാഹ ക്ഷണക്കത്തിലെ മേല്‍വിലാസം നോക്കി കവര്‍ച്ച ; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
ചീമേനിയില്‍ ഏപ്രില്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിവാഹ ക്ഷണക്കത്തിലെ മേല്‍വിലാസം നോക്കി കവര്‍ച്ചക്കെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. ഗുജറാത്ത് സ്വദേശി ബക്‌സു അലിയെയാണ് അന്വേഷണസംഘം പിടികൂടിയത്. ചീമേനിയില്‍ ഏപ്രില്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടോളി തൊടുവളത്തെ നാരായണിയുടെ മുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണ കമ്മലാണ് കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. നാരായണിയുടെ പേരക്കുട്ടിയുടെ വിവാഹത്തിനായി കുടുബാംഗങ്ങളെല്ലാം പോയ സമയത്തായിരുന്നു കവര്‍ച്ച. നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്‌കൂട്ടറില്‍ വീട്ടിലെത്തിയ പ്രതി വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ പോയപ്പോള്‍ വീടിനകത്ത് കയറിയ പ്രതി മേശയിലുണ്ടായിരുന്ന 3000 രൂപ കൈക്കലാക്കി. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാരായണി തന്ത്രപരമായി കഴുത്തിലുണ്ടായ സ്വര്‍ണ്ണമാല ഒളിപ്പിച്ചു വച്ചിരുന്നു.
തുടര്‍ന്ന് പ്രതി കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണക്കമ്മല്‍ ഊരി വാങ്ങി രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചാണ് കവര്‍ച്ചയില്‍ പോലീസ് പ്രതിയിലേക്ക് എത്തിയത്. പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പില്‍ ട്രെയിനിയായ ജേഷ്ഠന്റെ മകനെ കാണുന്നതിനാണ് ബക്‌സു അലി കേരളത്തിലെത്തിയത്. ആദ്യമായി കേരളത്തിലെത്തുന്ന പ്രതി ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിയുടെ ബൈക്ക് 2000 രൂപക്ക് വാടകയ്‌ക്കെടുത്ത് സി.ആര്‍പിഎഫ് ക്യാമ്പില്‍ എത്തി ബന്ധുവിനെ കണ്ട് മധുര പലഹാരങ്ങള്‍ നല്‍കി മടങ്ങി. പയ്യന്നൂരിലേക്ക് മടങ്ങുന്ന വഴിയില്‍ മാത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കുന്നത് കണ്ട് പ്രതി അവിടെയെത്തി. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീയുടെ ബാഗ് മോഷ്ടിച്ചു. അതിലുണ്ടായിരുന്ന വിവാഹ ക്ഷണക്കത്തില്‍ നിന്നാണ് വധുവിന്റെ വീടിന്റെ അഡ്രസ്സ് ലഭിച്ചത്. തുടര്‍ന്ന് നാട്ടുകാരോട് വഴി ചോദിച്ച് ചോദിച്ചാണ് ചീമേനി പട്ടോളിയിലെ വീട്ടിലെത്തുകയായിരുന്നു. സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന ശേഷം പ്രതി ഗുജറാത്തിലേക്ക് മടങ്ങി. 500 ലധികം സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്.
നാട്ടില്‍ ചെറുകിട ബിസിനസ് നടത്തുന്ന ബക്‌സു അലി സ്വര്‍ണ്ണം ഗുജറാത്തില്‍ വില്‍പന നടത്തി. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
.jpg)

