റോഡോ തോടോ ? വെള്ളക്കെട്ടിൽമുങ്ങി റാന്നി ടൗണ്‍, പമ്പയില്‍ ജലനിരപ്പ് ഉയരുന്നു

Road or canal? Ranni town submerged in water, water level rising in Pampa

പത്തനംതിട്ട: മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് ക്രോസ് വേ മുങ്ങിയ നിലയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. പല വീടുകളിലും ആളുകള്‍ ഒറ്റപ്പെട്ടു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്.

റാന്നി ടൗണിലെ പല ഭാഗങ്ങളും അരപ്പൊക്കത്തില്‍ വെള്ളത്തിനടിയിലായി. ഒറ്റരാത്രി കൊണ്ടാണ് റാന്നിയിലെ സ്ഥിതി ആകെ മാറിമറിഞ്ഞത്. വെള്ളം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുകയാണ്. 2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് വ്യാപാരികൾക്കുൾപ്പടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരുന്നത്. അതിന് സമാനമായ വെള്ളക്കെട്ട് ഇപ്പോൾ രൂപപ്പെടുമ്പോൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ് വ്യാപാരികൾ.
 

Tags