നെടുമ്പാശ്ശേരിയിലെ വാഹനാപകടം; പ്രതി സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു

nedumbassery accident

ലഹരി ഉപയോഗസാധ്യത തള്ളിക്കളയാനാകില്ല എന്ന് പൊലീസ് വ്യക്തമാക്കി.

നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്. പ്രതി സുഹൈലിനെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. സുഹൈല്‍ ലഹരി ഉപയോഗിച്ചിട്ടോണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗസാധ്യത തള്ളിക്കളയാനാകില്ല എന്ന് പൊലീസ് വ്യക്തമാക്കി. പരിശോധനക്കായി രക്ത സാമ്പിള്‍ എടുത്തിട്ടുണ്ട്. വാഹനം അമിതവേഗത്തില്‍ ആയിരുന്നു എന്നും കര്‍ശനമായ നടപടി ഉണ്ടാകും എന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ബി കെ പ്രതികരിച്ചു. സുഹൈലിനൊപ്പം കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ കൂടി നിലവില്‍ കസ്റ്റഡിയിലാണ്.

മിനി കൂപ്പര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കര്‍ണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി. ഡ്രൈവര്‍ സുഹൈല്‍ സജീവ് ആണ് പിടിയില്‍ ആയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. രാജഗിരിയില്‍ ബികോം വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍പ്പെട്ട മിനി കൂപ്പര്‍ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.

Tags