വടകരയില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ആര്‍ജെഡി അംഗത്തിന്റെ വീടിന് നേരെ ആക്രമണം

police8
police8

പൊട്ടാത്ത സ്ഫോടകവസ്തു കണ്ടെത്തി

വടകര ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണിക്ക് വോട്ട് ചെയ്ത ആര്‍ജെഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. രജനി തെക്കേത്തയ്യിലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു. വീടിന്റെ പരിസരത്ത് നിന്ന് പൊട്ടാത്ത സ്ഫോടകവസ്തു കണ്ടെത്തിയിട്ടുണ്ട്.

tRootC1469263">

രജനിയുടെ വോട്ട് കൂടി നേടിയാണ് വടകര ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ്-ആര്‍എംപിഐ ജനകീയമുന്നണി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനാണ് പ്രസിഡന്റ്. ഇരുമുന്നണികള്‍ക്കും ഏഴുവീതം സീറ്റുള്ള ഇവിടെ നറുക്കെടുപ്പ് പ്രതീക്ഷിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു.


എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സത്യന് ആറ് വോട്ടായിരുന്നു ലഭിച്ചത്. ഇതോടെ നറുക്കെടുപ്പില്ലാതെ കോട്ടയില്‍ രാധാകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അബദ്ധത്തില്‍ വോട്ട് മാറിയതെന്നാണ് രജനി വിശദീകരിച്ചത്. തെറ്റുമനസ്സിലാക്കി ഉടന്‍ വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രജനി വരണാധികാരിക്കും കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

വോട്ട് മാറിയതോടെ എല്‍ഡിഎഫിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മാറിയിരുന്നു. ആര്‍ജെഡിയിലെ എം കെ പ്രസന്നയെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. ഈ സംഭവത്തോടെ ആര്‍ജെഡി പിന്മാറുകയും സീറ്റ് സിപിഐഎമ്മിന് നല്‍കുകയുമായിരുന്നു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുനില തുല്യമായതോടെ നറുക്കെടുപ്പ് നടത്തുകയും സിപിഐഎമ്മിലെ പ്രീതി മോഹനന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുസ്ലിം ലീഗിലെ ജസ്മിന കല്ലേരിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഇരുവര്‍ക്കും ഏഴുവീതം വോട്ട് കിട്ടിയതോടെ തുടര്‍ന്നും നറുക്കെടുപ്പ് നടത്തി. ഇതില്‍ പ്രീതി മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Tags