തുടർഭരണത്തിന് 'മിഷൻ 110' ; നടപ്പാക്കുന്നത് വിശദീകരിച്ച് റിയാസ് , 3 മണിക്കൂർ നീണ്ട സ്‌പെഷ്യൽ കാബിനറ്റ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ പ്രത്യേക കാബിനറ്റ് ചേർന്ന് മന്ത്രിമാരോട് 'മിഷൻ 110' പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ഉറപ്പാക്കാനുള്ള ഈ പ്രത്യേക ദൗത്യത്തിൽ മന്ത്രിമാർ വഹിക്കേണ്ട ചുമതലകൾ സംബന്ധിച്ച് യോഗത്തിൽ വിശദീകരിക്കുകയുണ്ടായി. പ്രത്യേക മന്ത്രിസഭാ യോഗത്തിൽ എന്ത് നടന്നുവെന്നും പ്രത്യേക ദൗത്യം എങ്ങനെയാണ് മന്ത്രിമാർ നിർവഹിക്കേണ്ടതെന്ന് വിശദീകരിക്കുകയാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
ഇന്നലെ ഒരു സ്‌പെഷ്യൽ ക്യാബിനറ്റ് ഉണ്ടായിരുന്നു. വൈകീട്ട് 4:30ന് ആരംഭിച്ച് രാത്രി 7:30 നാണ് യോഗം അവസാനിച്ചത്. ഓരോ ജില്ലയിലേയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വികസന പ്രവർത്തനങ്ങൾ, പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയത് എന്നിവയാണ് ചർച്ച ചെയ്തത്. ഓരോ മന്ത്രിമാരും അവരുടെ അനുഭവങ്ങൾ ആദ്യം പറഞ്ഞു. കഴിഞ്ഞ തവണ ജയിച്ച മണ്ഡലങ്ങൾ, 2021-ൽ ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട സീറ്റുകൾ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ മണ്ഡലം അടിസ്ഥാനമാക്കിയുള്ള കണക്ക് എന്നിവയെല്ലാം പരിശോധിച്ചപ്പോൾ 110 സീറ്റിൽ എൽഡിഎഫിന് വിജയിച്ചുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തിയത്' റിയാസ് പറഞ്ഞു.
ഓരോ മന്ത്രിമാർക്കും സംഘടനാപരമായ ഉത്തരവാദിത്തത്തിന് പുറമെ മന്ത്രിയെന്ന നിലയിൽ അതാത് ജില്ലകളിൽ നടത്തേണ്ട ഇടപെടലുകൾ വിശദീകരിച്ചു. എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്നതിന് കൃത്യമായ ചിത്രം മുന്നോട്ട് വന്നുവെന്നും റിയാസ് വ്യക്തമാക്കി.
മിഷൻ 110ന്റെ ഭാഗമായി തനിക്ക് ചുമതലയിലുള്ള കോഴിക്കോട് ജില്ലയിലെ 13ൽ 13 സീറ്റും വിജയിക്കാൻ പറ്റുമെന്നാണ് വിലയിരുത്തിയതെന്നും റിയാസ് കൂട്ടിച്ചേർത്തു. '2016-ൽ യുഡിഎഫ് ജയിച്ച രണ്ട് മണ്ഡലങ്ങൾ 2021-ൽ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടമാകുകയും ചെയ്തു. 2016-ൽ നിന്ന് 2021-ൽ എത്തിയപ്പോൾ സീറ്റുകളും വോട്ട് വിഹിതവും വർധിച്ചെങ്കിലും രണ്ട് സീറ്റുകളിൽ ചെറിയ വോട്ടിന് പരാജയപ്പെട്ടു.അത് തിരികെ പിടിക്കാൻ കഴിയും' റിയാസ് അവകാശപ്പെട്ടു.
തദ്ദേശ ഫലം നോക്കിയാൽ 13-ൽ നാലിടത്ത് ലീഡുണ്ട്. ഏഴ് സീറ്റിൽ ചെറിയ മാർജിനിലാണ് എൽഡിഎഫ് പുറകിലുള്ളത്. രണ്ട് സീറ്റിൽ മാത്രമാണ് എൽഡിഎഫ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്നും കോഴിക്കോടിനെ കുറിച്ച് റിയാസ് പറഞ്ഞു.
മന്ത്രിമാർ സ്വന്തം വകുപ്പിൽ എന്ത് ചെയ്തുവെന്ന് വളരെ പ്രധാന്യത്തോടെ ജനങ്ങളെ അറിയിക്കണം. അത് ഓരോ മന്ത്രിയുടെയും പ്രധാന ഉത്തരവാദിത്തമാണ്. വികസനവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും പറയണം. സംസ്ഥാന സർക്കാരിന്റെ വികസനവും പറയണമെന്നും റിയാസ് വ്യക്തമാക്കി.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് തങ്ങൾ വിലയിരുത്തിയതെന്നും റിയാസ് പറഞ്ഞു. 'ഭരണവിരുദ്ധ വികാരം ഉണ്ടായില്ല എന്നത് യാഥാർഥ്യമാണ്. അതുണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി ഇതിനേക്കാൾ അപകടരമായ സ്ഥിതിയിലേക്ക് പോകുമായിരുന്നു. ഞങ്ങളൊക്കെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. എവിടെയും ഭരണത്തിനെതിരെ വിമർശനം വന്നിട്ടില്ല. വികസനവും ക്ഷേമപ്രവർത്തനവും ജനങ്ങൾ പൊതുവേ അംഗീകരിക്കുന്നുണ്ട്. അത് ജനങ്ങളിലേക്കെത്തിക്കുന്നതിൽ എവിടെയെങ്കിലും പാളിച്ച പറ്റിയോ എന്നതാണ് പരിശോധിക്കേണ്ടത്' റിയാസ് പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ലോക്‌സഭ,തദ്ദേശ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി നിയമസഭയിലേക്ക് എപ്പോഴും എൽഡിഎഫിന് അനുകൂലമായിട്ടാണ് ചിന്തിക്കാറുള്ളതെന്നും റിയാസ് അവകാശപ്പെട്ടു.
'ഓരോ തിരഞ്ഞെടുപ്പിലും കേരളത്തിലെ ജനങ്ങൾ ഓരോ രീതിയിലാണ് വോട്ട് ചെയ്യുക. നിയമസഭയിൽ എപ്പോഴും എൽഡിഎഫിന് അനുകൂലമായി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യാറുണ്ട്. കേരളം സുരക്ഷിതമായി നിലക്കൊള്ളണമെങ്കിൽ യുഡിഎഫിൽ പ്രവർത്തിക്കുന്നവർ പോലും ചിന്തിക്കുന്നു. ഇതൊരു വസ്തുതയാണ്' മന്ത്രി റിയാസ് പറഞ്ഞു.
.jpg)


