'ഞങ്ങൾക്ക് നീതി ലഭിച്ചില്ല'; കോടതിയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

google news
maulavi

കാസര്‍ഗോഡ്: മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ. വിധി നിരാശാജനകമെന്നും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ശേഷം റിയാസ് മൗലവിയുടെ ഭാര്യ സൈദ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. വളരെ പ്രതീക്ഷയോടെയാണ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ഇനി എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയില്ലെന്നും സൈദ പറഞ്ഞു. കുഞ്ഞിനൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ എത്തിയത്.

കോടതി വിധി ഞങ്ങളെയും ഞെട്ടിച്ചിരിക്കുകയാണെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കൾ പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരൻ പറഞ്ഞു. കേസുമായി ബന്ധപ്പെ‌ട്ടവർ താനുമായോ പിതാവുമായോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. 

അതേസമയം കോടതിയുടെ കണ്ടെത്തല്‍ ദൗര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിദ് പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിരുന്നു. ഏത് ന്യായീകരണം പറഞ്ഞാലും ഒന്നാം പ്രതിയ്‌ക്കെതിരെ നൂറുശതമാനം തെളിവുകളും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഡിഎന്‍എ ഉള്‍പ്പെടെ കോടതിയ്ക്ക് മുന്നില്‍ നിരത്തിയിരുന്നു. വിധി അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു എന്ന ഒറ്റവരി വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ആർഎസ്എസ് പ്രവർത്തകരായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. 2017 മാര്‍ച്ച് 20നായിരുന്നു പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.