തീവിലയിൽ അരിയും അവശ്യസാധനങ്ങളും; സംസ്ഥാനത്ത് അടുക്കള ബജറ്റ് താളം തെറ്റുന്നു

Rice and essentials at record prices; Kitchen budget in the state is out of balance

കൊച്ചി: സംസ്ഥാനത്ത് അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. വടക്കൻ കേരളത്തിൽ വൻ ആവശ്യക്കാരുള്ള പൊന്നി അരിയുടെ ചില്ലറ വില മൂന്ന് മാസത്തിനിടെ 20 രൂപയോളം വർധിച്ച് കിലോയ്ക്ക് 80 രൂപ കടന്നു. ഒരു മാസത്തിനിടെ മാത്രം കിലോയ്ക്ക് 20 രൂപയുടെ വർധനയാണ് പൊന്നിക്ക് രേഖപ്പെടുത്തിയത്.

മറ്റു പ്രമുഖ അരിയിനങ്ങളായ കുറുവ (46 രൂപയിൽ നിന്ന് 55-ലേക്ക്), ജയ (42 രൂപയിൽ നിന്ന് 50-ലേക്ക്) എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. ഇതിനുപുറമേ ബിരിയാണി അരിയുടെ വിലയിലും വലിയ കയറ്റമുണ്ടായതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ പ്രളയവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് പൊന്നി അരിയുടെ വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അരിക്ക് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചിട്ടുണ്ട്. പഞ്ചസാര വില കിലോയ്ക്ക് 60 രൂപയിൽ നിന്ന് 65 രൂപയായി വർധിച്ചപ്പോൾ, സവാള വില 55 രൂപയിൽ നിന്ന് 70 രൂപയായി കുതിച്ചുയർന്നു. ഇതിനൊപ്പം ചെറിയ ഉള്ളി, ചില പ്രധാന പച്ചക്കറികൾ എന്നിവയ്ക്കും വില വർധിച്ചിട്ടുണ്ട്.വിപണിയിലെ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും തടയുന്നതിനായി അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് വിവരങ്ങൾ എല്ലാ ആഴ്ചയും വെളിപ്പെടുത്താൻ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags