റെയ്ഹാന് സ്വാഗതം; ചിത്രപ്രദര്‍ശനം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

v d satheesan

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയുടെ ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് എഴുപതിലധികം ചിത്രങ്ങള്‍ നീക്കിയത് വിവാദമായതിനിടെയാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ക്ഷണം.

ചിത്രപ്രദര്‍ശനം നടത്താന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു മുഖ്യമന്ത്രി വി ഡി സതീശന്‍. റെയ്ഹാന്‍ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഴിവാക്കലുകളോ ഭേദഗതികളോ ഒന്നും തന്നെയില്ലാതെ ചിത്ര പ്രദര്‍ശനം നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയുടെ ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് എഴുപതിലധികം ചിത്രങ്ങള്‍ നീക്കിയത് വിവാദമായതിനിടെയാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ക്ഷണം.

ദില്ലി ബിക്കാനീര്‍ ഹൗസില്‍ റൈഹാന്‍ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന ചിത്ര പ്രദര്‍ശനത്തില്‍ നിന്നാണ് ചിത്രങ്ങള്‍ നീക്കിയത്. 105 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനു തയ്യാറാക്കിയത്. അതില്‍ 74 എണ്ണം നീക്കി. യുവജന പ്രക്ഷോഭങ്ങള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെട്ട സമരങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നീക്കിയതിലേറെയും. പ്രദശനം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പു മാത്രമാണ് ചിത്രം നീക്കിയത് അറിയിച്ചതെന്നാണ് റെയ്ഹാന്‍ പറയുന്നത്. ദേശീയപതാക ഉള്‍പ്പെട്ട ചിത്രങ്ങളാണ് നീക്കിയതെന്നും റെയ്ഹാന്‍ ആരോപിച്ചു.

മകനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അധികാരത്തിലുള്ളവര്‍ മറ്റുള്ളവരുടെ ആവിഷ്‌കാരത്തെ ഭയപ്പെടുന്നത് ശരിയല്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

റെയ്ഹാനെ രാഷ്ട്രീയത്തിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ വിമര്‍ശനം. ബിക്കാനീര്‍ ഹൗസില്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള കലാസൃഷ്ടികള്‍ അനുവദിക്കില്ലെന്ന നയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ചിത്രങ്ങള്‍ നീക്കിയതില്‍ വിശദീകരണവുമായി ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റ് സൊസൈറ്റിയും രംഗത്തെത്തി. സ്ഥാപനത്തിന്റെ നയങ്ങള്‍ക്കും നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കും ചേരാത്ത ചിത്രങ്ങളാണ് നീക്കിയത്. നയങ്ങള്‍ പാലിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

Tags