'ഉത്തരവാദിത്തം നിര്‍വഹിച്ചവര്‍ക്കെതിരായ പ്രതികാര നടപടി'; ഗണ്‍മാനുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷനില്‍ സിപിഐഎം

cpim

മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ചവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് ഉത്തരവാദിത്തമാണെന്നും ഉത്തരവാദിത്തം നിര്‍വഹിച്ചവര്‍ക്കെതിരായ നീക്കം പ്രതികാര നടപടിയാണെന്നും സിപിഐഎം പറഞ്ഞു.

നവകേരള യാത്രയ്ക്കിടെ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം. പ്രതികാര നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ചവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് ഉത്തരവാദിത്തമാണെന്നും ഉത്തരവാദിത്തം നിര്‍വഹിച്ചവര്‍ക്കെതിരായ നീക്കം പ്രതികാര നടപടിയാണെന്നും സിപിഐഎം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ താല്‍പ്പര്യത്തോടെ പൊലീസിനെ ഉപയോഗിക്കുകയാണെന്നും എസ്എഫ്ഐക്കെതിരായ ആക്രമണം അതിന് ഉദാഹരണമാണെന്നും സിപിഐഎം വിമര്‍ശിച്ചു. അധികാരമേറ്റാല്‍ ഉടന്‍ നടപ്പാക്കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് സിപിഐഎം ഇക്കാര്യം പറയുന്നത്.

'മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്തം നിര്‍വഹിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം പ്രതികാര നടപടിയാണ്. സര്‍ക്കാര്‍ മാറിവരുമ്പോള്‍ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നത് ഒട്ടും ഉചിതമല്ല. നവകേരള സദസിനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം. ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാകാം. എന്നാല്‍ അവിടെ നടന്നത് അത്തരത്തില്‍ ഒന്നായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാനാവുന്നില്ല. ഖജനാവ് കാലിയാണെന്ന് പറഞ്ഞ് നടന്നവരാകട്ടെ ആറായിരം കോടിയോളം രൂപ ഖജനാവിലുണ്ട് എന്ന കാര്യം പുറത്തുവന്നതോടെ വായ അടഞ്ഞുപോയിരിക്കുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനാവാതെ പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്'- സിപിഐഎം പ്രസ്താവനയില്‍ പറയുന്നു.

Tags