‘ഫ്ലാറ്റിലെ താമസക്കാർ എവിടെനിന്നാണ് എത്തിയതെന്ന് ഓർക്കണം, ഭരണം മാറിയപ്പോൾ ഒതളങ്ങ പോലെ അവർ നിലപാട് മാറ്റി’ ; ലൈഫ് മിഷൻ താമസക്കാർക്കെതിരെ മോശം പരാമർശവുമായി എം.എൽ.എ
കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് അറ്റകുറ്റപ്പണി നടത്തി നിലനിർത്താനാകാത്ത അവസ്ഥയിലാണെന്നും പൊളിച്ചുനീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി മുൻ കൊച്ചി എം.എൽ.എ കെ.ജെ. മാക്സി. ഫ്ലാറ്റ് വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച് എൽ.ഡി.എഫിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മാക്സി ആരോപിച്ചു. ഫ്ലാറ്റിലെ താമസക്കാർ എവിടെനിന്നാണ് എത്തിയതെന്ന് ഓർക്കണമെന്നും ഭരണം മാറിയപ്പോൾ ഒതളങ്ങ പോലെ അവർ നിലപാട് മാറ്റിയെന്നും മാക്സി പറഞ്ഞു. അതേസമയം, താമസക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ കെ.ജെ. മാക്സി മാപ്പുപറയണമെന്ന് ഫ്ലാറ്റിലെ താമസക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന അവാർഡ് വേദിയിലാണ് മുണ്ടംവേലിയിലെ ഫ്ലാറ്റിന്റെ നിലവാരം സംബന്ധിച്ച് വി.ഡി. സതീശൻ പ്രതികരിച്ചത്. അറ്റകുറ്റപ്പണികൾ നടത്താവുന്നതിനും അപ്പുറമാണ് ഫ്ലാറ്റിന്റെ അവസ്ഥയെന്നും ആവശ്യമായ സാഹചര്യമുണ്ടായാൽ കെട്ടിടം പൊളിച്ചുനീക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ.ജെ. മാക്സി പ്രതികരണവുമായി രംഗത്തെത്തിയത്. സതീശന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും എൽ.ഡി.എഫ് സർക്കാരിനെയും പദ്ധതിയെയും അപമാനിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. .
എന്നാൽ, താമസക്കാരെ അപമാനിക്കുന്ന തരത്തിലുള്ള ഈ പരാമർശം പിൻവലിച്ച് കെ.ജെ. മാക്സി മാപ്പുപറയണമെന്ന് ഫ്ളാറ്റിലെ താമസക്കാർ ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കിൽ ഫ്ലാറ്റിലെത്തി താമസിച്ച് കെട്ടിടത്തിന്റെ നിലവാരം നേരിട്ട് മനസ്സിലാക്കണമെന്നും താമസക്കാർ പ്രതികരിച്ചു.
.jpg)

