'രക്ഷാപ്രവർത്തന' കേസ് അട്ടിമറി ; മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
കേരള രാഷ്ട്രീയത്തിലും പോലീസിനും വലിയ തലവേദന സൃഷ്ടിച്ച ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ നിർണ്ണായക നടപടിയുമായി സംസ്ഥാന സർക്കാർ രംഗത്ത്. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തുകയും എഡിജിപിയുടെ നിർദ്ദേശപ്രകാരം കേസ് രേഖകളിൽ തിരിമറി നടത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. അരുൺ കെ.എസ്, കെ.പി. തോംസൺ, സുനിൽ രാജ് എന്നീ ഡിവൈഎസ്പിമാർക്കെതിരെയാണ് ഇപ്പോൾ കടുത്ത നടപടി വന്നിരിക്കുന്നത്.
ഈ രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച മൂന്ന് ഡിവൈഎസ്പിമാരുടെ മൊഴികളിൽ നിന്നാണ് കേസന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുൻപ് ഉന്നത ഉദ്യോഗസ്ഥനായ എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.
എഡിജിപിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസ് രേഖകൾ മാറ്റിയതെന്നും, ഇതിൽ പങ്കാളികളായതിനാൽ അന്വേഷണ ഉദ്യോഗസ്ഥരും വകുപ്പുതല അന്വേഷണം നേരിടണമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തീരുമാനിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസിനെ പ്രതിക്കൂട്ടിലാക്കിയ ഈ കേസ് അട്ടിമറി വിവാദം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
.jpg)

