അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍

anto augustine

ആന്റോയെ വയനാട്ടില്‍ എത്തിക്കുമെന്ന് എക്‌സൈസ് എസി അറിയിച്ചു. കോടതിയില്‍ ഹാജരാക്കുമെന്നും നിലവില്‍ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു

അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആന്റോയെ വയനാട്ടില്‍ എത്തിക്കുമെന്ന് എക്‌സൈസ് എസി അറിയിച്ചു. കോടതിയില്‍ ഹാജരാക്കുമെന്നും നിലവില്‍ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്‌സസൈസ് ആന്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. 55എ നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.

അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. എഫ്‌ഐആര്‍ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്‌ഐആര്‍ ഡിജിറ്റല്‍ കോപ്പി കാണിച്ചെങ്കിലും ഹാര്‍ഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ ആണ് എഫ്‌ഐആര്‍ കോപ്പിയുമായി എത്തിയത്.

ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്സൈസ് നടപടി. 43 ലിറ്റര്‍ വിദേശമദ്യം, ഏഴ് ലിറ്റര്‍ വിദേശ വൈന്‍, 13 ലിറ്റര്‍ വീട്ടിലുണ്ടാക്കിയ വൈന്‍, കൂടാതെ മറ്റൊരു മുറിയില്‍ നിന്ന് ഇന്ത്യയില്‍ വില്‍പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മെസിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്‌ഐടി സംഘം മടങ്ങും മുമ്പേയാണ് എക്‌സൈസ് സംഘം ഓഫീസില്‍ എത്തിയത്. 20 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ എസ്‌ഐടി നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാര്‍ഡുകളും കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയില്‍ എടുത്തു. 6300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തു.

Tags