റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെട്ടവരാണ്; എം. സ്വരാജിന്റെ പഴയ പ്രസംഗം ചര്‍ച്ചയാകുന്നു

Reporter journalists are hired; M. Swaraj's old speech is under discussion

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിൽ നടത്തിയ തിരച്ചിലിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ പഴയ പ്രസംഗം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ  ചര്‍ച്ചയാവുകയാണ്. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെട്ടവരാണെന്നും വിമര്‍ശകരെ വിലക്കെടുത്ത് തന്റെ വാഴ്ത്തുകാരാക്കി മാറ്റിയെന്നും സ്വരാജ് പറയുന്ന പഴയ വീഡിയോ ആണ് വീണ്ടും ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

''കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഴിമതിയാരോപണം പുറത്തുകൊണ്ടുവന്നു. ആ ചാനലിന്റെ പിറവി തന്നെ മാധ്യമ വിദ്യാര്‍ഥികള്‍ കൗതുകപൂര്‍വം നാളെ പഠനവിഷയമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരു വനംകൊള്ള സംബന്ധിച്ച വാര്‍ത്ത വരുന്നു. ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്തവരെ വിവിധ ചാനലുകളില്‍ അതികഠിനമായി ആക്രമിക്കപ്പെടുന്നു. ഒടുവില്‍ ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്ത ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ തീരുമാനിക്കുന്നു, ഞങ്ങള്‍ തന്നെ ഒരു ചാനല്‍ തുടങ്ങാം എന്ന്. അങ്ങനെ അവര്‍ ചാനല്‍ ആരംഭിക്കുന്നു. ആ ചാനലിലേക്ക് കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ വിലയ്ക്ക് വാങ്ങുന്നു. ഞാന്‍ ആ വാക്ക് ഉപയോഗിക്കുന്ന് പൂര്‍ണമായ ബോധ്യത്തോടെയാണ്''- സ്വരാജ് പറഞ്ഞു.

''കറന്‍സി തന്നെയാണ് എല്ലാത്തിന്റെയും ഗതി നിര്‍ണയിക്കുന്നത്. അങ്ങനെ അവര്‍ ആ ചാനലില്‍ ഇരുന്ന് ഇന്നലെ വരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തിരുത്തി, മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളെ വിശുദ്ധരാക്കി അവതരിപ്പിക്കുന്നതിനും നമ്മള്‍ സാക്ഷികളായി. തനിക്കെതിരായി വിമര്‍ശനം ഉന്നയിച്ചവരെ ഓരോരുത്തരെയായി വിലയ്ക്ക് വാങ്ങി തന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടാന്‍ ഒരു വനംകൊള്ളക്കേസിലെ പ്രതിക്ക് സാധിച്ചുവെന്നതും നമ്മള്‍ കാണണം''- സ്വരാജ് പറയുന്നു. ചാനലിന്റെ സാമ്പത്തിക ഉറവിടം തന്നെ പലതുമുണ്ട്, അതൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നും സ്വരാജ് പറയുന്നുണ്ട്.


 

Tags