മുല്ലപ്പെരിയാർ ഡാം ബലക്ഷയം കണ്ടെത്താൻ റിമോട്ടെഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
മുല്ലപ്പെരിയാർ ഡാമിലെ ബലക്ഷയം കണ്ടെത്താൻ പരിശോധന നടത്തും. 12 ദിവസം നീണ്ടനിൽക്കുന്ന പരിശോധനയാവും നടത്തുക. റിമോട്ടെഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധനയുടെ ട്രയൽ റൺ വിജയകരമായി പൂര്‍ത്തിയായി. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം 14 വർഷങ്ങൾക്ക് ശേഷമാണ് പരിശോധന നടക്കുന്നത്. മുൻപ് കേരളം നടത്തിയ പരിശോധന അംഗീകരിക്കാൻ തമിഴ്നാട് തയ്യാറായിരുന്നില്ല. നിലവിൽ അണക്കെട്ടിൽ 133.80 അടി വെള്ളമാണുള്ളത്.
അണക്കെട്ടിന്‍റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതാണ് ലക്ഷ്യം. 1200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് ആദ്യഘട്ട പരിശോധന നടത്തും. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധന നടത്തും.
ദില്ലി സി എസ് എം ആർ എസില്‍ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുക. ഏറ്റവും ഒടുവിൽ അണക്കെട്ടിൻ്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർ ഒ വി ഉപയോഗിച്ച് ചിത്രങ്ങളെടുക്കും.
.jpg)


