റെംഡെസിവിര്‍ വിവാദം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണാ ജോര്‍ജ്

Remdesivir controversy: Veena George slams Health Minister

നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്ന് നല്‍കിയെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന പൂര്‍ണ്ണമായും തള്ളി മുന്‍മന്ത്രി വീണാ ജോര്‍ജ്. നിയമസഭയില്‍ ഉത്തരവാദിത്തമില്ലാത്തതും തികച്ചും അവാസ്തവവുമായ കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്നും, കേരള സമൂഹത്തെയും സഭയെയും അദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ആകെ അഞ്ചു പേര്‍ക്ക് മാത്രമാണ് റെംഡെസിവിര്‍ മരുന്നു നല്‍കിയിട്ടുള്ളത്. ആ അഞ്ചു രോഗികളും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവനോടെയുണ്ടെന്നും, അതിനാല്‍ ഈ മരുന്ന് ഉപയോഗിച്ച നിപ രോഗികളുടെ മരണനിരക്ക് പൂജ്യമാണെന്നും അവര്‍ വ്യക്തമാക്കി.

ഈ മരുന്ന് ഉപയോഗിച്ചിട്ടാണോ രോഗികള്‍ മരണപ്പെട്ടത് എന്ന് പരിശോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാണിച്ചു. സബ്മിഷന് മറുപടി നല്‍കാന്‍ ദിവസങ്ങളോളം സമയം ലഭിച്ചിട്ടും കൃത്യമായ രേഖകള്‍ പരിശോധിക്കാതെയാണ് മന്ത്രി ഇത്തരം പ്രസ്താവന നടത്തിയത്. കോവിഡ് കാലത്ത് സംഭരിച്ച റെംഡെസിവിര്‍ മരുന്നുകളുടെ മാനുഫാക്ചറിങ് ഡേറ്റും എക്‌സ്പയറി ഡേറ്റും കെ.എം.എസ്.സി.എല്ലിന്റെ സോഫ്റ്റ്‌വെയറില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. സോഫ്റ്റ്‌വെയറില്‍ കാലാവധി കഴിഞ്ഞതായി മാര്‍ക്ക് ചെയ്യുന്ന ഒരു മരുന്നും ആശുപത്രികളില്‍ വിതരണം ചെയ്യാനോ ഉപയോഗിക്കാനോ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്റെ കൈവശം മുഴുവന്‍ ഡോക്യുമെന്റുകളും ലഭ്യമായിരിക്കെയാണ് മന്ത്രി സഭയില്‍ കള്ളം പറഞ്ഞതെന്നും വീണാ ജോര്‍ജ് ആരോപിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഈ പ്രസ്താവന. അതിനാല്‍ മന്ത്രി തന്റെ പ്രസ്താവന തിരുത്തി കേരള ജനതയോട് മാപ്പ് പറയണമെന്നും, തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags