ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ

Relief for Sabarimala pilgrims: KSRTC AC bus services from Thiruvananthapuram and Nedumbassery airports to Pampa

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കാൻ തീരുമാനമായി. വിമാനമാർഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് നേരിട്ട് പമ്പയിലെത്തുന്നതിനും ദർശന ശേഷം മടങ്ങുന്നതിനും ഏറെ സഹായകരമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിക്കുന്നത്.

സർവീസ് സമയങ്ങൾ:

  • തിരുവനന്തപുരം വിമാനത്താവളം: രാത്രി 9.30-ന് പമ്പയിലേക്ക് പുറപ്പെടും. വൈകിട്ട് 7 മണിക്ക് തിരികെ വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് പമ്പയിൽ നിന്നുള്ള സർവീസ്.

  • നെടുമ്പാശ്ശേരി വിമാനത്താവളം: രാത്രി 8.30-ന് പമ്പയിലേക്ക് പുറപ്പെടും. തിരികെ രാത്രി 7 മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് ക്രമീകരണം.

വിവിധ വിമാനങ്ങളിലായെത്തുന്ന ഭക്തർക്ക് വിരിവെക്കാനും വിശ്രമിക്കാനും ഇരു വിമാനത്താവളങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കൂടാതെ, കെഎസ്ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് വെബ്‌സൈറ്റുകൾ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും, ഗ്രൂപ്പായി ചാർട്ടേഡ് ബസ്സുകൾ ബുക്ക് ചെയ്യാനും സാധിക്കും. വിമാന ബുക്കിങ് വെബ്‌സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ലിങ്കുകൾ ലഭ്യമാക്കും. ഇരു വിമാനത്താവളങ്ങളിലെയും വിമാന സമയവിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കാനും ധാരണയായിട്ടുണ്ട്.

കെഎസ്ആർടിസി അധികൃതരും എയർപോർട്ട് അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ യാത്ര സുഗമവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എസി ബസ് സർവീസുകൾ ആരംഭിക്കുന്നത്.

Tags