ആശ്വാസകേന്ദ്രങ്ങളുടെ വാതിലടയുന്നു ; ഭിന്നശേഷി കുട്ടികളുടെ ചികിത്സ പ്രതിസന്ധിയിൽ
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പും കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വിഭാഗവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം. 18 വയസ്സ് വരെയുള്ള ബുദ്ധിവികാസ വെല്ലുവിളികൾ, ഓട്ടിസം, ലേർണിംഗ് ഡിസബിലിറ്റി, സെറിബ്രൽ പാൾസി, എ.ഡി.എച്ച്.ഡി തുടങ്ങിയവ നേരിടുന്ന കുട്ടികൾക്ക് ക്ലിനിക്കൽ സൈക്കോളജി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പെഷ്യൽ എജ്യുക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലെ ചികിത്സയും പുനരധിവാസ സേവനങ്ങളും ഇവിടെ ലഭിച്ചിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പത്ത് കമ്മ്യൂണിറ്റി ക്ലിനിക്കുകളാണ് ഉള്ളത്. കണ്ണൂർ ജില്ലയിലെ പരിയാരം പൊയിൽ സാംസ്‌കാരിക നിലയത്തിലെ ക്ലിനിക്ക് ഉൾപ്പെടെയാണ് അടച്ചു പൂട്ടുന്നത്.വിവിധ കാരണങ്ങളാൽ കമ്മ്യൂണിറ്റി ക്ലിനിക്ക് അടച്ചുപൂട്ടാനുള്ള നിർദേശമാണ് സാമൂഹ്യനീതി വകുപ്പ് നൽകിയിരിക്കുന്നത്.കേന്ദ്രം പൂട്ടിയാൽ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും വലിയ പ്രതിസന്ധിയിലാവും. പദ്ധതിയുടെ തുടർനടത്തിപ്പിനാവശ്യമായ ഫണ്ടുകൾ ലഭിക്കാത്തതിനാൽ ജീവനക്കാർക്ക് മാസങ്ങളായി യാത്രാ അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട് . ഏപ്രിലിൽ ആണ് ആറു മാസം കാലാവധി നൽകി കേന്ദ്രം അടച്ചു പൂട്ടാൻ നിർദേശം നൽകിയത്.
സെപ്റ്റംബർ 30ന് 6 മാസം തികയുന്നതോടെ എല്ലാ കേന്ദ്രങ്ങളിലും പ്രവർത്തനം അവസാനിക്കും. ഭിന്ന ശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും സാഹചര്യം കണക്കിലെടുത്ത് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ പറഞ്ഞു. കുട്ടികളുടെ ചികിത്സ മുടങ്ങാതെയും ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചും കേന്ദ്രത്തിന്റെ പ്രവർത്തനം തുടരാൻ നടപടി വേണമെന്നാണ് ആവശ്യം.
.jpg)

