ഗുരുവായൂരിൽ റിലയൻസിന്‍റെ മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി വരുന്നു

Reliance's multi-specialty veterinary hospital coming up in Guruvayur

 

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനുകീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകൾക്കും കന്നുകാലികൾക്കുമായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി സ്ഥാപിക്കാൻ നീക്കം. റിലയൻസ് ഫൗണ്ടേഷന്‍റെ ആഗോള മൃഗസംരക്ഷണ പദ്ധതിയായ 'വൻതാര'യിൽ നിന്നുള്ള ഉന്നതതല വിദഗ്ധ സംഘം ചൊവ്വാഴ്ച പുന്നത്തൂർ കോട്ട സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി.

അടുത്തിടെ അനന്ത് അംബാനി ഗുരുവായൂർ സന്ദർശിച്ച വേളയിൽ ദേവസ്വം അധികൃതരുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് വിദഗ്ധ സംഘത്തിന്‍റെ സന്ദർശനം. പുന്നത്തൂർ കോട്ടയിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക ആശുപത്രി സ്ഥാപിക്കാനുള്ള സാധ്യതകളും സംഘം വിശദമായി പരിശോധിച്ചു. പുന്നത്തൂർ കോട്ടയുടെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി ആനകൾക്കായി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം അറിയിച്ചു.

ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലെ സൗകര്യങ്ങൾ പഠിക്കുന്നതിനായി ദേവസ്വം പ്രതിനിധികളെ സംഘം അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. സന്ദർശന വേളയിൽ ഗുരുവായൂർ ദേവസ്വത്തിലെ 'നന്ദൻ' എന്ന ആനയെ പരിശോധിച്ച വിദഗ്ധർ, ആനയുടെ ചികിത്സയ്ക്കും പരിപാലനത്തിനുമായി ആധുനിക പ്രോട്ടോക്കോളുകൾ നിർദേശിച്ചു.

Tags