വീണ്ടും റീൽസ് ചതിച്ചു..! നീലക്കുറിഞ്ഞി തേടിപ്പോയി കാട്ടിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്

Reels cheated again..! Case filed against youths who got stuck in the forest while searching for Neelakurinji

പാലക്കാട്: റീൽസ് എടുക്കാനായി അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി തേടിപ്പോയി കാട്ടിൽ കുടുങ്ങിയ  യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു.താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവർക്കെതിരെയാണ് സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ചു കടന്നതിന് വനംവകുപ്പ് കേസെടുത്തത്. മണിക്കൂറുകൾ തെരച്ചിലിനൊടുവിൽ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽനിന്നുപോലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ് വനപാലക സംഘം യുവാക്കളെ ജീവനോടെ കണ്ടെത്തി പുറത്തെത്തിച്ചത്.
ചെന്താമലയിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നുവെന്ന വിവരമറിഞ്ഞാണ് ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ റീൽസ് ചിത്രീകരിക്കാനായി യുവാക്കൾ ഉൾവനത്തിലേക്ക് പ്രവേശിച്ചത്. 

എന്നാൽ, കാടിന്റെ ഉള്ളിലേക്ക് പോകുംതോറും വഴിതെറ്റിയ ഇവർക്ക് തിരികെയിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. കൊടുംകാടിനുള്ളിൽ വഴിമുട്ടി കുടുങ്ങിയതോടെ യുവാക്കൾ വിവരമറിയിക്കുകയും തുടർന്ന് വനംവകുപ്പ് സംഘം രക്ഷാദൗത്യം ആരംഭിക്കുകയുമായിരുന്നു. ദുർഘടമായ മലനിരകളും വന്യമൃഗ സാന്നിധ്യവുമുള്ള പ്രദേശത്ത് മണിക്കൂറുകളോളമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയത്. ഇതിനിടെ പലതവണ സംഘം കാട്ടാനകളുടെ മുന്നിൽ നേരിട്ട് അകപ്പെട്ടു. ജീവൻ പണയംവെച്ച് കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് സാഹസികമായി ഒഴിഞ്ഞുമാറിയാണ് ഉദ്യോഗസ്ഥർ മുന്നോട്ടുപോയത്. ഒടുവിൽ രാത്രി വൈകി യുവാക്കളെ കണ്ടെത്തിയ സംഘം പുലർച്ചെയോടെയാണ് ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചത്. വന്യമൃഗശല്യമുള്ള സംരക്ഷിത വനമേഖലകളിൽ മുന്നറിയിപ്പുകൾ അവഗണിച്ച് അതിക്രമിച്ചു കയറുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Tags