വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

google news
Minister K Krishnankutty


പാലക്കാട് :  വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ചിറ്റൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എ.ഐ വന്നതോടുകൂടി വലിയ മാറ്റങ്ങളാണ് തൊഴില്‍മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. സാങ്കേതികവിദ്യയുടെ കടന്നുവരവിലൂടെ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ചിറ്റൂരില്‍ നമുക്ക് തുടക്കം കുറിക്കണം. ചിറ്റൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ സ്‌കൂളിന്റെ വികസനത്തിനായി 2.90 കോടി ലഭിച്ചിട്ടുണ്ടെന്നും പുതിയ കോഴ്സുകള്‍ കൊണ്ടുവരാന്‍ വളരെയധികം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുജാതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയം ജോയിന്റ് ഡയറക്ടര്‍ ജെ.എസ് സുരേഷ്‌കുമാര്‍, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ, ചിറ്റൂര്‍-തത്തമംഗലം നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീകുമാര്‍, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബി. പ്രശാന്ത്, എ.ഡി.എം കെ. മണികണ്ഠന്‍, ഡി.എം.ഒയുടെ പ്രതിനിധി രാമന്‍കുട്ടി, കോതമംഗലം റീജിനല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സോളമന്‍, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് നാരായണന്‍കുട്ടി, സെക്രട്ടറി പാരിജാക്ഷന്‍, ജി.ടി.എച്ച്.എസ് സൂപ്രണ്ട് കെ.ഡി ജിബു, പി.ടി.എ വൈസ് പ്രസിഡന്റ് ആര്‍. രമേശ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags