വികസനനീതി ഉറപ്പ് വരുത്താനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനും കേരളത്തിൽ പുതിയ 5 ജില്ലകൾ രൂപീകരിക്കണം : റസാഖ്‌ പാലേരി

rasag

 തിരുവനന്തപുരം: വികസനനീതി ഉറപ്പ് വരുത്താനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനും കേരളത്തിൽ പുതിയ 5 ജില്ലകൾ രൂപീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ്‌ പാലേരി. വികസനനീതിയും വിഭവവിതരണത്തിലെ നീതിയും സർവോപരി ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കലുമാണ് സർക്കാറിൻറെ പരിഗണനയിൽ വരേണ്ടത്. ഈ മുൻഗണനയിൽ പുതിയ ജില്ലാ രൂപീകരണത്തിനായുള്ള ഡിലിമിറ്റേഷൻ കമീഷനെ നിയമിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ സർക്കാർ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന സ്വാഗതാർഹമാണെന്നും അതേസമയം, വികസനത്തിലെ വിവേചനം, വിഭവ വിതരണത്തിലെ അനീതി, ജനസംഖ്യ വിതരണം, ഭൂവിസ്തൃതി, ഭരണനിർവഹണ സൗകര്യം, ഭൂഘടന തുടങ്ങിയ ഘടകങ്ങൾ വെച്ച് മൂവാറ്റുപുഴ ഉൾപ്പെടെ കേരളത്തിൽ 5 ജില്ലകളെങ്കിലും പുതുതായി രൂപീകരിക്കണമെന്നും റസാഖ് പറഞ്ഞു. കേരളത്തിൽ ഏറ്റവും രൂക്ഷമായ വികസന വിവേചനം നേരിടുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ലയും അതോടൊപ്പം എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളെ പുനക്രമീകരിച്ച് മൂവാറ്റുപുഴ ജില്ലയും വിവിധ സന്ദർഭങ്ങളിൽ ആവശ്യങ്ങളായി ഉയർന്നു വന്ന നെയ്യാറ്റിൻകര, വടകര, വള്ളുവനാട് ജില്ലകളും രൂപീകരിക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

"അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ആഡ്രയിലും കഴിഞ്ഞ 15 വർഷത്തിനിടയിൽ ധാരാളം പുതിയ ജില്ലകൾ രൂപപ്പെട്ടിട്ടുണ്ട്. കേരളം ഈ വിഷയത്തിൽ പിറകിൽ നടക്കുകയാണ്. 2014 ന് ശേഷം ആന്ധ്രയിൽ 13 ജില്ലകളാണ് പുതിയതായി പിറന്നത്. 10 ജില്ലകൾ മാത്രമുണ്ടായിരുന്ന തെലങ്കാനയിൽ ജില്ലകളുടെ എണ്ണം 33 ആയി വർധിച്ചു. 2023 ൽ രാജസ്ഥാനിൽ പുതിയ 19 ജില്ലകളാണ് ഒരേസമയം രൂപീകരിച്ചത്. തമിഴ്നാട്ടിൽ 6 പുതിയ ജില്ലകളും പുതുതായി നിലവിൽ വന്നു. ജില്ലാ വിഭജനങ്ങളെയും പുതിയ ജില്ലാ രൂപീകരണങ്ങളെയും പുനക്രമീകരണങ്ങളെയും പ്രതിലോമകരമായി സമീപിക്കുന്ന വികസനവിരുദ്ധരെയും നിക്ഷിപ്ത താല്പര്യക്കാരെയും സർക്കാരും പൊതുസമൂഹവും അവഗണിക്കണം."അദ്ദേഹം കൂട്ടിച്ചേർത്തു.

Tags