തൂത്തുക്കുടിയിൽ പതിനേഴുകാരിയുടെ പീഡന-കൊലപാതകക്കേസ് ; പ്രതിക്ക് ഇരട്ട വധശിക്ഷ വിധിച്ച് പോക്‌സോ കോടതി
മധുരൈ : തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുണ്ടായ പതിനേഴുകാരിയുടെ പീഡന-കൊലപാതകക്കേസിൽ പ്രതിയായ 38കാരന് ഇരട്ട വധശിക്ഷ വിധിച്ച് പ്രത്യേക പോക്‌സോ കോടതി. രാജ്യം മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത നടന്ന് വെറും 75 ദിവസത്തിനകമാണ് വിധി വന്നിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. ധർമ്മമുനീശ്വരൻ എന്ന പ്രതിക്കാണ് സെഷൻസ് ജഡ്ജ് എം. ബ്രീത്ത വധശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും സമീപത്തെ വിൻഡ് മില്ലിലെ (കാറ്റാടിയന്ത്രം) സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് കേസിൽ നിർണായകമായത്.
കഴിഞ്ഞ മാർച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. വെളിയിടത്തിൽ മലമൂത്രവിസർജ്ജനത്തിനായി പോയ പെൺകുട്ടിയെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. യാതൊരുവിധ സൂചനകളും അവശേഷിപ്പിക്കാതിരുന്ന കേസിൽ, സമീപത്തെ വിൻഡ് ഫാമിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞ പ്രതിയുടെ ബൈക്ക് യാത്രയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഏപ്രിൽ 5ന് ആരംഭിച്ച വിചാരണ എട്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയായി. കേസിലെ 17 സാക്ഷികളെയും കോടതി വിശദമായി വിസ്തരിച്ചു. സംഭവം നടന്ന് വെറും 21 ദിവസത്തിനകം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. വിൻഡ് മില്ലിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ഡി.എൻ.എ (DNA) പരിശോധനാ ഫലം, മോഷ്ടിച്ച ഇരുചക്ര വാഹനത്തിന്റെ വിവരങ്ങൾ എന്നിവയാണ് പ്രതിക്കെതിരെയുള്ള കുറ്റം അതിവേഗം തെളിയിക്കാൻ സഹായിച്ച മൂന്ന് പ്രധാന ഘടകങ്ങൾ.
.jpg)

