റാങ്ക് ലിസ്റ്റ് തീരുമ്പോഴും തെരുവിലിറങ്ങേണ്ട അവസ്ഥ ; പി.എസ്.സി ഒന്നാം റാങ്കുകാർക്കും നിയമനം നിഷേധിച്ച് സർക്കാർ: നീതിക്ക് വേണ്ടി പോരാടുമെന്ന് കെസി വേണുഗോപാൽ

KC Venugopal

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും പലതവണ കാണാൻ ശ്രമിച്ചിട്ടും നീതി ലഭിച്ചില്ലെന്ന റഷീദ, സരസ്വതി, മമത എന്നിവരുടെ വാക്കുകൾ കേരളത്തിലെ ഓരോ ഉദ്യോഗാർത്ഥിയുടെയും ഉള്ളുനീറ്റുന്നതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

tRootC1469263">

മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെട്ടതെന്നും, തുടർന്ന് ഉദ്യോഗാർത്ഥികളുമായി നേരിട്ട് സംസാരിച്ചപ്പോൾ മെറിറ്റിനെ പൂർണമായും അവഗണിക്കുന്ന സർക്കാരിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായതെന്നും കെസി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളിലും പി.എസ്.സി ഓഫീസിലും നിരവധി തവണ കയറിയിറങ്ങിയിട്ടും, റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ പോലും ഇവർക്ക് തെരുവിലിറങ്ങേണ്ടി വരുന്ന അവസ്ഥ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
 അർഹരായവർക്ക് നീതി ലഭിക്കുന്നതുവരെ ഏതറ്റം വരെയും ഇവർക്കൊപ്പം നിലകൊള്ളുമെന്നും എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം 


"ഞങ്ങൾ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളിൽ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിന് കണക്കില്ല, PSC ഓഫീസിലും കയറിയിറങ്ങി. ഞങ്ങളുടെ മുഖം തന്നെ അവർക്ക് സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങൾക്ക് നീതി കിട്ടിയില്ല..."

PSC റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ റഷീദയുടെയും സരസ്വതിയുടെയും മമതയുടെയും ഈ വാക്കുകൾ കേരളത്തിലെ ഓരോ ഉദ്യോഗാർത്ഥിയുടെയും ഉള്ളുനീറ്റുന്നതാണ്. മനോരമയിലെ വാർത്തയിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ ഞാൻ ശ്രദ്ധിക്കുന്നത്. തുടർന്ന് ഇവരെ നേരിട്ട് വിളിച്ചപ്പോൾ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സർക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴിൽവിരുദ്ധതയുടെ നേർച്ചിത്രമായിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിന് അപമാനമാണ്. പിൻവാതിൽ നിയമനങ്ങൾക്കും ധൂർത്തിനും പിആർ വർക്കുകൾക്കും കോടികൾ ഒഴുക്കുന്ന സർക്കാർ, അർഹരായ ഇവർക്ക് നിയമനം നൽകാൻ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അർഹരായവർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും ഇവർക്കൊപ്പമുണ്ടാകും.

Tags