അഭിപ്രായഭിന്നത ; രമ്യ ഹരിദാസ് എം.എൽ.എയുടെ പി.എ രാജിവെച്ചു

Ramya Haridas

 തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിസ്റ്റന്റ് വിമൽ വി. പദവി രാജിവെച്ചു. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജിയെന്നറിയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ, രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സീനിയർ ക്ലർക്കായ വിമൽ മാതൃ വകുപ്പിലേക്ക് തന്നെ മടങ്ങും. കോൺഗ്രസ് സർവിസ് സംഘടനാ നിർദേശപ്രകാരം നിയമനം ലഭിച്ച് മൂന്ന് മാസം കഴിയുമ്പോഴാണ് വിമൽ പദവി ഒഴിയുന്നത്.

വ്യക്തിപരമായ കാരണങ്ങളാൽ തുടരാനാവില്ലെന്നാണ് രാജിക്കത്തിൽ നൽകിയിട്ടുള്ളതെങ്കിലും, രമ്യ ഹരിദാസിന്റെ ഏകപക്ഷീയമായ നിലപാടുകളും ധാർഷ്ട്യവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് വിമൽ സർവീസ് സംഘടനാ നേതൃത്വത്തെ അറിയിച്ചു. രമ്യയെ നിയന്ത്രിക്കുന്നത് ചില ബാഹ്യ ശക്തികളാണെന്നും, പല വിഷയങ്ങളിലും ധാർഷ്ട്യത്തോടെ മറുപടി നൽകുകയും പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും വിമലുമായി അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു.

തുടരാനാവാത്ത സാഹചര്യത്തെക്കുറിച്ച് വിമൽ സർവീസ് സംഘടനാ നേതൃത്വം വഴി കോൺഗ്രസ് പാർട്ടി നേതൃത്വത്തെയും വിവരമറിയിച്ചിരുന്നു. പാളയം പ്രദീപിനെ പേഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതടക്കം സമീപകാലത്തായി രമ്യഹരിദാസിന്റെ സ്റ്റാഫ് നിയമന വിവാദങ്ങളും കൈയാങ്കളിയും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിനിടയിലാണ് പി.എയുടെ രാജി. 

Tags