ജോര്‍ദാനില്‍ മരിച്ച ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം : വിദേശകാര്യമന്ത്രിക്ക് കത്തെഴുതി രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വിദേശ കാര്യമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ ഉടനടി ഇടപെടാന്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കണം. 

ടൂറിസ്റ്റ് വീസയില്‍ ജോര്‍ദാനിലെത്തിയ ഗബ്രിയേല്‍ പെരേര ഇസ്രയേലിന്റെ അതിര്‍ത്തി കടക്കുന്നതിനിടെ ജോര്‍ദാന്‍ രക്ഷാസേനയുടെ വെടിയേറ്റു മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. മനുഷ്യക്കടത്ത് ആണോ ഇതിനു പിന്നില്‍ എന്നു അന്വേഷിക്കണം. പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ മുഴുവന്‍ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു വിചാരണയ്ക്കു വിധേയരാക്കണം. - ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ഗബ്രിയേല്‍ പെരേരയുടെ തുമ്പയിലുള്ള വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
 

Tags