ചർച്ചപോലും ചെയ്യാതെ എഫ്‌സിആർഎ ഭേദഗതി പാസാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു :രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലോക്‌സഭയിൽ എഫ്‌സി.ആർ.എ ഭേദഗതി ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത് ചർച്ചപോലും ചെയ്യാതെ ബില്ല് പാസാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പായതുകൊണ്ടു തന്നെ നല്ലൊരു ശതമാനം എം.പിമാർക്കും ലോക്‌സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് എം.പിമാർ സമ്മേളനത്തിൽ പങ്കെടുത്തതോടെ ബില്ല് സഭയിൽ അവസരിപ്പിക്കാതെ കേന്ദ്രസർക്കാർ ഒളിച്ചോടുകയായിരുന്നു.കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം ഫലം കാണുമെന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസ് വലിയ പ്രതിഷേധം ഉയർത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരൻ യു.ഡി.എഫിനൊപ്പം ചേർന്ന് മത്സരിക്കുന്നതിൽ സി.പി.എം വല്ലാതെ അസ്വസ്ഥരാവു കയാണ്. ജി. സുധാകാരനെ മുഖ്യമന്ത്രി കടന്നാക്രമിക്കുമ്പോൾ അണികൾ വധഭീഷണി വരെ മുഴക്കുകയാണ്. ഇതിന്റെ ഭാഗമാണ് ജി സുധാകരന്റെ ഡ്രൈവർക്ക് ലഭിച്ച വധഭീഷണിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് വിട്ടു എൽ.ഡി.എഫിലെത്തുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകി സ്വീകരിച്ചവരാണ് ഇപ്പോൾ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ എത്തിയ വരെ മോശക്കാരനായി ചിത്രീകരിക്കുന്നത്. ഇതു വിരോധാഭാസമാണെ ന്നും ചെന്നിത്തല പറഞ്ഞു.
ഇരകൾക്കൊപ്പമെന്നു പറയുകയും എന്നാൽ എപ്പോഴും വേട്ടക്കാർക്കൊപ്പം നിൽക്കുന്നതുമാണ് സി.പി.എം നിലപാട്. സി.പി.എം സഹയാത്രികനായ സംവിധായകൻ രഞ്ജിത്ത് അറസ്റ്റാലായത് അദ്ദേഹത്തിതിരായ മൂന്നാമത്തെ പരാതിയിലാണ്. അതും തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രമാണ് ഈ കേസിൽ അറസ്റ്റ് നടന്നത്. അല്ലായിരുന്നുവെങ്കിൽ മറ്റുപല കേസുകളിലേത് പോലെ ഈ കേസിലും ഇടതുസർക്കാർ അദ്ദേഹത്തെയും സംരക്ഷിക്കുമായിരുന്നുവെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവുമായി ആദ്യം സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നിട് അതിൽ നിന്നും പിൻമാറി ഫേയ്‌സ്ബുക്ക് സംവാദമാണ് തൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞത് ഒളിച്ചോട്ടമാണ്. പത്ത് വർഷത്തിനിടെ ചൂണ്ടികാണിക്കാൻ ഒരു വൻകിട വികസന പദ്ധതി പോലുമില്ലാത്ത ഇടതുസർക്കാരിന് ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി, എസ്.ഡി.പി.ഐ, പി.ഡി.പി എന്നി വർഗ്ഗീയ സംഘടനകളുമായി നടത്തിയ ഡീലിന്റെ ബലത്തിൽ ജയിച്ചുകയറാമെന്നാണ് പിണറായി വിജയനും ഇടതുപക്ഷവും വിലയിരുന്നത്. എന്നാൽ മതേതരകേരളം ഈ ഗൂഢനീക്കം പൊളിക്കും. യു.ഡി.എഫ് സർക്കാൻ നൂറിലധികം സീറ്റു നേടി ജയിക്കുമെന്നു തന്നെയാണ് ഏറ്റവും പുതിയ ട്രെൻഡുകളിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
.jpg)


