'ഈ വകുപ്പ് ഞങ്ങളൊക്കെ ഭരിച്ചതാണ്' ; പൊലീസിനെ സി.പി.എം പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്ക് വേണ്ടെന്ന് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ യോഗത്തിൽ തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതെന്ന് രമേശ് ചെന്നിത്തല. പൊലീസ് സേനയെ രാഷ്ട്രീയവർക്കരിക്കരുത്. ഈ വകുപ്പ് ഞങ്ങളൊക്കെ ഭരിച്ചതാണ്. അദ്ദേഹം അവിടെ നടത്തിയ രാഷ്ട്രീയ പ്രസംഗം ഈ ചുമതല വഹിക്കുന്ന മന്ത്രിക്ക് ചേർന്നതായിരുന്നില്ല -ചെന്നിത്തല പറഞ്ഞു.

tRootC1469263">

പൊലീസ് സേനയെ രാഷ്ട്രീയവർക്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പൊലീസ് സേനയെ സി.പി.എമ്മിന്റെ പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്കു വേണ്ട. പൊലീസ് അസോസിയേഷനിലെ അംഗങ്ങൾ അവരവരുടേതായ വ്യക്തിപരമായ രാഷ്ട്രീയമുള്ളവരാണ്. അത് ഉൾക്കൊള്ളാതെ അവരെല്ലാം സിപിഎം അനുയായികളാണ് എന്ന തരത്തിലാണ് മുഖ്യമന്ത്രി അവിടെ സംസാരിച്ചത്. ഇതിനെ ശക്തമായി അപലപിക്കുന്നു -ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ വിചാരണയാണ് നിലമ്പൂരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്രയും ജനവിരുദ്ധ സർക്കാർ കേരളം ഭരിച്ചിട്ടില്ല. പത്തു വർഷമായി കേരളത്തെ വഞ്ചിക്കുന്ന ജനകീയ പ്രശ്‌നങ്ങളെ വിസ്മരിക്കുന്ന, അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവും മാത്രം കാണിക്കുന്ന ഒരു സർക്കാരിനെതിരായ ജനവിധിയാകും നിലമ്പൂരിൽ. ജനങ്ങൾ അവരുടെ അവിശ്വാസമാണ് രേഖപ്പെടുത്താൻ പോകുന്നത്.

ഞാൻ കുറേ ദിവസങ്ങളിൽ നിലമ്പൂരിൽ ഉണ്ടായിരുന്നു. മലയോര കർഷകരുടെ പ്രതിഷേധം, സാധാരണ ജനങ്ങൾക്ക് സർക്കാരിനോടുള്ള കടുത്ത വിരോധം, ആദിവാസികളുടെ ഭൂസമരം, ഒരു ഭരണമാറ്റം ഉണ്ടാകണമെന്നുള്ള ജനങ്ങളുടെ ഉൽക്കടമായ അഭിലാഷം ഇതെല്ലാം അവിടെ കാണാൻ കഴിഞ്ഞു. നിലമ്പൂർ തിരഞ്ഞെടുപ്പ് ഭരണമാറ്റത്തിനു തുടക്കം കുറിക്കും. അതിന്റെ കേളി കൊട്ടായിരിക്കും നിലമ്പൂരിൽ നടക്കുന്നത്. ഞങ്ങൾക്ക് നല്ല അത്മവിശ്വാസമുണ്ട്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

സംസ്ഥാന ഗവർണർമാർ ബിജെപി ഏജന്റിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ഞങ്ങളുടെ അഭിപ്രായത്തിന് അന്നും ഇന്നും മാറ്റമില്ല. സിപിഎമ്മാണ് ഇക്കാര്യത്തിൽ കൃത്യമായി നിലപാട് എടുക്കാത്തത്. രാജ് ഭവനിൽ വെക്കേണ്ടത് ദേശീയ നേതാക്കളുടെ ചിത്രമാണ്. അല്ലാതെ ഗോൾവാൾക്കറുടെയും അതുപോലുള്ളവരുടെയും ചിത്രമല്ല. ഇക്കാര്യം ഞങ്ങൾ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾ ഈ ചോദ്യം ചോദിക്കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററോടുമാണ്. അവർ ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞില്ലല്ലോ.

128 ദിവസമായി ആശാവർക്കർമാർ സമരം ചെയ്യുന്നു. അവരോട് ഇത്രയും അവജ്ഞ കാണിക്കുന്ന വേറൊരു സർക്കാർ ഉണ്ടായിട്ടില്ല. ഈ സർക്കാർ കാണിക്കുന്നത് കേരളത്തിലെ ജനങ്ങളോട് തന്നെയുള്ള ധിക്കാരമാണ്’ -ചെന്നിത്തല വ്യക്തമാക്കി.

Tags