'രമണി പാർട്ടി ഓഫീസിൽ നിന്ന് പല തവണ ചോറുണ്ടിട്ടുണ്ട്, അതുകൊണ്ട് ചോറിന്റെ കണക്ക് പറയണ്ടായിരുന്നു'; എം വി ജയരാജൻ
മാർച്ച് 23നാണ് കെ പി രമണി ടി കെ ഗോവിന്ദനൊപ്പം യുഡിഎഫ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്. തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് കെ പി രമണി എത്തിയത്. തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ ടി കെ ഗോവിന്ദനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മലപ്പട്ടം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇരിക്കൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ് കെ പി രമണി.
കണ്ണൂർ: യുഡിഎഫ് വേദിയിൽ പ്രത്യക്ഷപ്പെട്ടതിന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിക്കെതിരെ എം വി ജയരാജൻ. രമണി ശ്രീകണ്ഠാപുരം പാർട്ടി ഓഫീസിൽ നിന്ന് പല തവണ ചോറുണ്ടിട്ടുണ്ട് എന്നും അതുകൊണ്ട് ചോറിന്റെ കണക്ക് പറയണ്ടായിരുന്നു എന്നും എം വി ജയരാജൻ മറുപടി നൽകി. രമണിയെ പുറത്താക്കിയത് ഗോവിന്ദന്റെ കൂടെ യുഡിഎഫ് വേദിയിൽ എത്തിയതിനാണ്. രമണിയുടേത് ചോറിന്റെ കൂറല്ല എന്നും രാഷ്ട്രീയ കൂറാണ് എന്നും ജയരാജൻ പറഞ്ഞു. ടി കെ ഗോവിന്ദൻ വർഗവഞ്ചകനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 23നാണ് കെ പി രമണി ടി കെ ഗോവിന്ദനൊപ്പം യുഡിഎഫ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്. തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് കെ പി രമണി എത്തിയത്. തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ ടി കെ ഗോവിന്ദനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മലപ്പട്ടം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇരിക്കൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ് കെ പി രമണി.
ടി കെ ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെന്ന് കെ പി രമണി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. 'ടി കെ ഗോവിന്ദൻ മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയിൽ നടക്കുന്നു. ഞാൻ മാഷുടെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. പക്ഷേ മാഷിനെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാൻ പറ്റിയില്ല', കെ പി രമണി പറഞ്ഞു.
തന്നെ ആരും നിർബന്ധിച്ചിട്ടല്ല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വന്നതെന്നും സ്വമേധയാ ആണ് വന്നതെന്നും കെ പി രമണി വ്യക്തമാക്കിയിരുന്നു. ടി കെ ഗോവിന്ദൻ പറഞ്ഞത് സത്യസന്ധമായ കാര്യമാണ്. സോഷ്യൽ മീഡിയയിൽ വല്ലാത്ത രീതിയിൽ ആക്രമിക്കുന്നുവെന്നും കെ പി രമണി പറഞ്ഞിരുന്നു. താനുമായി പരസ്പരം സംസാരിച്ചിട്ടല്ല ടി കെ ഗോവിന്ദൻ വാർത്താ സമ്മേളനം നടത്തിയതെന്നും അവർ പറഞ്ഞിരുന്നു.
.jpg)