ഷാഫി പറമ്പിൽ തനിക്ക് ഇരയല്ല; ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

Rajmohan Unnithan MP says he is not a victim of Shafi Parambil; he will not be anyone's suicide bomber

കാസർകോട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഷാഫി പറമ്പിൽ തനിക്ക് ഇരയല്ലെന്നും അദ്ദേഹം എ ഗ്രൂപ്പുകാരനല്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ നേർക്കാഴ്ചയിലൂടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ് താൻ തുറന്നുപറഞ്ഞതെന്നും, അതിൽ അസ്വസ്ഥപ്പെടേണ്ട യാതൊരു കാര്യവും ഷാഫി പറമ്പിലിനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഷാഫി പറമ്പിൽ ആത്മപരിശോധന നടത്തട്ടെ എന്ന് പറഞ്ഞ ഉണ്ണിത്താൻ, "അരി തിന്നതും പോരാ, ആശാരിച്ചിയെ കടിച്ചതും പോരാ, പിന്നെയും നായയ്ക്ക് മുറുമുറുപ്പ്" എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങളെന്നും പരിഹസിച്ചു. തനിക്കെതിരെ ഇത്രയൊക്കെ ചെയ്തിട്ടും പിന്നെയും തന്നെ ക്രൂശിക്കാൻ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാവേറല്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളാണ് വി.ഡി. സതീശന്റെ ചാവേറുകളെന്നും മുഖ്യമന്ത്രിക്കായി ജനങ്ങൾ നിൽക്കുമ്പോൾ രാജ്‌മോഹൻ ഉണ്ണിത്താന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

മന്ത്രിസഭാ യോഗത്തിലെ ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. രഹസ്യസ്വഭാവമുള്ള കാബിനറ്റ് തീരുമാനങ്ങൾ പുറത്തുപറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. വിവരങ്ങൾ ചോർത്തിയതാര് എന്ന് കണ്ടെത്തണമെന്നും, ആ വ്യക്തി തുടർന്നും കാബിനറ്റിൽ ഉണ്ടാകാൻ പാടില്ലെന്നും പറഞ്ഞ അദ്ദേഹം, നമ്മുടെ സംവിധാനത്തിന്റെ പോക്ക് വളരെ അപകടത്തിലേക്കാണെന്നും മുന്നറിയിപ്പ് നൽകി.

Tags