പാർലമെൻററി പാർട്ടി യോഗത്തിൽ തരൂർ പങ്കെടുത്താൽ രഹസ്യ സ്വഭാവം നഷ്ടപ്പെടും,വിവരങ്ങൾ മോദിക്ക് ചോർത്തി നൽകും : രാജ്‌മോഹൻ ഉണ്ണിത്താൻ
ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ തിരുവനന്തപുരം എം.പി ശശി തരൂരിനെ വിമർശിച്ച് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ വീണ്ടും രംഗത്ത്. പാർലമെൻററി പാർട്ടി യോഗത്തിൽ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിർത്ത ഉണ്ണിത്താൻ, യോഗത്തിൽ തരൂർ പങ്കെടുത്താൽ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും വിവരങ്ങൾ മോദിക്ക് ചോർത്തി നൽകുമെന്നും ആരോപിച്ചു. യോഗത്തിൽ പങ്കെടുക്കണമെങ്കിൽ തരൂരിന് അപാര തൊലിക്കട്ടി വേണമെന്നും തരൂർ ചെയ്യുന്നതെല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണെന്നും രാജ്മോഹൻ പ്രതികരിച്ചു.
tRootC1469263">“തരൂരിന് സ്വയം കോൺഗ്രസിൽനിന്നും പുറത്തേക്ക് പോകാം. കോൺഗ്രസ് പുറത്താക്കി രക്തസാക്ഷിയാകാൻ നോക്കേണ്ടതില്ല. ഇന്ന് തരൂരിന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണ്. എല്ലാവരും അത് ആഗ്രഹിക്കുന്നു. നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകൾ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എം.പിമാർ യോഗത്തിൽ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാർട്ടി രൂപീകരിക്കാനാവില്ല. പാർട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂർ ആഗ്രഹിക്കുന്നത്. എന്നാൽ, പാർട്ടി അദ്ദേഹത്തെ പുറത്താക്കില്ല” -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
നേരത്തെ തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. തലസ്ഥാനത്തെ പരിപാടികളിൽ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ, അദ്ദേഹത്തെ ‘തങ്ങളിൽ ഒരാളാ’യി കണക്കാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ശശി തരൂരിൻറെ പരിപാടിയും കോൺഗ്രസ് നേതൃത്വം ബഹിഷ്‌കരിച്ചിരുന്നു.
വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോൺഗ്രസിന് തലവേദനയാകുന്ന ശശി തരൂരിന് പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനമാണുയരുന്നത്. ശശി തരൂർ കോൺഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് രാജ്‌മോഹൻ ഇന്നും വിമർശനമുന്നയിച്ചത്. പലതവണ ഹൈകമാൻഡ് വിലക്കിയിട്ടും തരൂർ പിന്നോട്ട് പോയില്ല. കോൺഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പമാണ് ഇപ്പോൾ തരൂരെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
.jpg)


