‘കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകും, സര്‍ക്കാരുമായി ഐക്യത്തോടെ മുന്നോട്ട് പോകാം’ ; ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

Rajendra Vishwanath Arlekar
Rajendra Vishwanath Arlekar

തിരുവനന്തപുരം : കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംസ്ഥാന സര്‍ക്കാരുമായി ഐക്യത്തോടെ മുന്നോട്ട് പോകാമെന്നും കേന്ദ്രസര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ഭാഗമാകാമെന്നും ഗവര്‍ണര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കും കേരള എംപിമാര്‍ക്കുമായി ഒരുക്കിയ അത്താഴ വിരുന്നിലായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.

ഡല്‍ഹി കേരള ഹൗസില്‍ നടന്ന കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് താനും ബോധവാനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രശ്‌നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു.

ടീം കേരളയോടൊപ്പം ഗവര്‍ണറുമുണ്ട് എന്നത് ആഹ്‌ളാദകരവും ആവേശകരവുമായ കാര്യമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാന്‍ നമുക്കാവട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയില്‍ സംസാരിച്ച എംപിമാരുടെ ഉള്‍ക്കാഴ്ചയുള്ള കാഴ്ചപ്പാടുകള്‍ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു.

Tags