സുരേഷ് ഗോപി ജെൻറിൽമാനാണ്, മാധ്യമപ്രവർത്തകരോടുള്ള സമീപനത്തിൽ കാരണമറിയാതെ പ്രതികരിക്കാനില്ല ; രാജീവ് ചന്ദ്രശേഖർ

Rajiv Chandrasekhar is the BJP state president
Rajiv Chandrasekhar is the BJP state president

തിരുവനന്തപുരം: മാധ്യമപ്രവർത്തകരോടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തിൽ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി ജെൻറിൽമാനാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി മാധ്യമപ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ്. സുരേഷ് ഗോപിയുടെ പ്രതികരണത്തിൻറെ ബാക്ക് ഗ്രൗണ്ട്‌ അറിയാതെ പ്രതികരിക്കാനാവില്ല. വിഷയം മനസ്സിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനമുണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻറെ മലപ്പുറം പ്രസ്താവന ഏത്​ സാഹചര്യത്തിലാണെന്ന് അറിയില്ല. ഒ.ബി.സി സംവരണം മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്. സംവരണം പിൻവാതിലിലൂടെ കൈയടക്കുന്നതിനെ ബി.ജെ.പിയും എതിർക്കും.

ക്രൈസ്തവ സഭകളുടെ സ്വത്തിനെക്കുറിച്ച ലേഖനം തെറ്റെന്നുകണ്ട് ഓർഗനൈസർ പിൻവലിച്ചിട്ടുണ്ട്​. ഭൂമി കൈവശം വെക്കുന്നത് തെറ്റല്ല. തട്ടിയെടുക്കുന്നതാണ് തെറ്റ്. ജബൽപൂരിൽ ആക്രമണത്തിനിരയായ വൈദികർക്ക് നീതി ഉറപ്പാക്കും. വഖഫ് വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസും ഇടതു പാർട്ടികളും ഈ വിഷയങ്ങൾ വിവാദമാക്കുന്നത്​. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിൽ തിരുവനന്തപുരത്തെ പാർട്ടി ഓഫിസിൽ പതാക ഉയർത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags