ആർ. ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും

rajeev

 തിരുവനന്തപുരം: കൗൺസിലർ പദവി രാജിവെക്കുമെന്ന പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. രാജിവെക്കാനുള്ള നീക്കം ആരോഗ്യപ്രശ്നങ്ങൾ മൂലമായിരുന്നുവെന്ന് നേതൃത്വവും ശ്രീലേഖയും സംയുക്തമായി വിശദീകരിക്കും. ഫെയ്‌സ്ബുക്ക് പേജ് വഴിയോ വാർഡിലെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയോ ആയിരിക്കും ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക.

ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിന്മാറിയത് ബിജെപിക്ക് ആശ്വാസമായെങ്കിലും വിഷയം വരുംദിവസങ്ങളിൽ വീണ്ടും തിരിച്ചടിയാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി വാർഡ് ഗ്രൂപ്പിലിട്ട സന്ദേശം ബിജെപി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ശ്രീലേഖ പിൻവലിച്ചത്.

പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ല, മറിച്ച് ശാരീരിക അസ്വാസ്ഥ്യങ്ങളും ആരോഗ്യപ്രശ്നങ്ങളും മൂലമാണ് ശ്രീലേഖ രാജിക്കൊരുങ്ങിയതെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീലേഖയെ ബിജെപി നേതാക്കൾ സന്ദർശിക്കുകയും പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് ഇന്നത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

Tags