പാലക്കാട് റെയിൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ

Rajeev Chandrasekhar says Congress is trying to divert attention through Palakkad railway issue

ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കിയതിന്‍റെ വിലയിരുത്തലിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിക്കാനുള്ള നിർദേശത്തെ കോൺഗ്രസ് വിവാദമാക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് റെയ്ൽവേയുടെ ഭരണപരമായ പുനഃസംഘടന മാത്രമാണെന്നും കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയിലേതുൾപ്പെടെയുള്ള ചില സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയ്ൽവേ ബോർഡിന്‍റെ തീരുമാനത്തിനെതിരേ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. "റെയ്ൽവേ ഒരു ദേശീയ സ്ഥാപനമാണ്. ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായി മംഗളൂരുവിനെ മൈസൂരു ഡിവിഷന്‍റെ ഭാഗമാക്കുകയാണ്. അതിലെന്താണ് പ്രശ്നം?"- രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

നിലവിൽ മംഗളൂരു മൂന്ന് റെയ്ൽവേ ഡിവിഷനുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എന്തിനാണ് ഈ വിഷയത്തെ രാഷ്ട്രീയ വിവാദമാക്കുന്നത്. ഒരു കാര്യം സൃഷ്ടിച്ച് വിവാദമുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമം. സർക്കാർ അധികാരത്തിലെത്തി 100 ദിവസമായി. നിരവധി വാഗ്ദാനങ്ങൾ നൽകിയ ഈ സർക്കാരിന് കാണിക്കാനായി ഒന്നുമില്ല. അതുകൊണ്ടാണ് പാലക്കാട് ഡിവിഷൻ വിഷയമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

റെയ്ൽവേ ഡിവിഷനിലെ പുനഃസംഘടന കേരളത്തിലെ റെയ്ൽവേ വികസനത്തെയോ നിക്ഷേപത്തെയോ ബാധിക്കില്ലെന്നും സംസ്ഥാനത്തിനായി നേരത്തെ തയ്യാറാക്കിയ വികസന പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Tags