'രാജരാജവർമ്മയുടെ നിലപാട് പന്തളം കൊട്ടാരത്തിന്റെ നിലപാടല്ല' : രാജരാജവർമ്മ മുന്നൂറോളം കുടുംബാംഗങ്ങളിൽ ഒരാൾ മാത്രം, അദ്ദേഹത്തിന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം
പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാട് അറിയിക്കേണ്ടത് വലിയ തമ്പുരാനും പന്തളം നിർവാഹക സംഘവുമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. തന്ത്രിയെ നിയമിക്കാനും മാറ്റാനുമുള്ള അധികാരം ദേവസ്വം ബോർഡിന് ഉണ്ട് എന്നായിരുന്നു രാജരാജവർമ്മയുടെ നിലപാട്. യോഗ്യതയുള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരം ബോർഡിനുണ്ടെന്നും സൂചിപ്പിക്കുന്ന കത്ത് രാജരാജവർമ്മ ദേവസ്വം മന്ത്രി കെ മുരളീധരന് അയച്ചിരുന്നു.
പത്തനംതിട്ട: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവർമ്മയുടെ നിലപാട് തള്ളി പന്തളം കൊട്ടാരം നിർവാഹക സംഘം. രാജരാജവർമ്മയുടെ നിലപാട് പന്തളം കൊട്ടാരത്തിന്റെ നിലപാടല്ലെന്ന് വാർത്താക്കുറിപ്പിൽ നിർവാഹക സംഘം അറിയിച്ചു. രാജരാജവർമ്മ മുന്നൂറോളം കുടുംബാംഗങ്ങളിൽ ഒരാൾ മാത്രമാണ്. രാജരാജവർമ്മയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും നിർവാഹക സംഘം സെക്രട്ടറി സുരേഷ് വർമ്മയും പ്രസിഡന്റ് പ്രദീപ് കുമാറും അറിയിച്ചു.
പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാട് അറിയിക്കേണ്ടത് വലിയ തമ്പുരാനും പന്തളം നിർവാഹക സംഘവുമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. തന്ത്രിയെ നിയമിക്കാനും മാറ്റാനുമുള്ള അധികാരം ദേവസ്വം ബോർഡിന് ഉണ്ട് എന്നായിരുന്നു രാജരാജവർമ്മയുടെ നിലപാട്. യോഗ്യതയുള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരം ബോർഡിനുണ്ടെന്നും സൂചിപ്പിക്കുന്ന കത്ത് രാജരാജവർമ്മ ദേവസ്വം മന്ത്രി കെ മുരളീധരന് അയച്ചിരുന്നു.
തന്ത്രിയെ മാറ്റാനും നിയമിക്കാനും നിയമ തടസമില്ലെന്നും രാജരാജവർമ്മ പറഞ്ഞു. അധികാര ദുർവിനിയോഗം നടത്തിയാൽ കാരാണ്മ സ്ഥാനം റദ്ദ് ചെയ്യാം. ഒന്നിൽ കൂടുതൽ തന്ത്രിമാരെ വേണമെങ്കിലും ബോർഡിന് നിയമിക്കാം. ശബരിമല ക്ഷേത്രത്തിൽ ദേവന്റെ പിതൃസ്ഥാനം തന്ത്രിക്കില്ല. ബിംബത്തിന് കേടുപാടുകൾ സംഭവിച്ചാൽ ചൈതന്യം നഷ്ടപ്പെടില്ല. ശബരിമലയിൽ പുനഃപ്രതിഷ്ഠ നടത്തുന്ന തന്ത്രിക്ക് ദേവന്റ പിതൃസ്ഥാനം ലഭിക്കില്ല. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണ്. ട്രസ്റ്റി സ്ഥാനം സർക്കാരിൽ നിലനിൽക്കും. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് വിട്ടു നൽകിയിട്ടില്ല. ക്ഷേത്രം ഒരുകാലത്തും സർക്കാർ ഏറ്റെടുക്കില്ലെന്ന് സെറ്റിൽമെന്റ് രജിസ്റ്റർ വ്യക്തമാക്കുന്നുവെന്നും രാജരാജവർമ്മ കത്തിൽ പറഞ്ഞിരുന്നു.
കണ്ഠരര് രാജീവർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാൻ ദേവസ്വം ബോർഡിൽ ഭൂരിപക്ഷ അഭിപ്രായമുയർന്നെന്നും വിവരമുണ്ട്. ബോർഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോർഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിൻ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം തൽസ്ഥാനത്തേക്ക് മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
.jpg)

