കേരളത്തിൽ തുലാവർഷ തുടക്കത്തിലും മഴയിൽ കുറവ്
മലപ്പുറം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് (ഇടവപ്പാതി) പിന്നാലെ ഒക്ടോബറിൽ ആരംഭിച്ച തുലാവർഷത്തിന്റെ ആദ്യ വാരത്തിലും മഴയിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ ഒന്ന് മുതൽ ആറ് വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ പൊതുവെ 25 ശതമാനം മഴയുടെ കുറവാണുള്ളത്. സംസ്ഥാനത്ത് ഈ കാലയളവിൽ ലഭിക്കേണ്ട 58 മില്ലിമീറ്റർ മഴക്ക് പകരം 43.7 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
തുലാവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മാത്രമാണ് സാധാരണയുള്ളതിനേക്കാൾ കൂടുതൽ മഴ ലഭിച്ചത്. ജില്ലയിൽ ലഭിക്കേണ്ട 64.7 മില്ലിമീറ്ററിന് പകരം 103.2 മില്ലിമീറ്റർ മഴ ഈ ദിവസങ്ങളിൽ പെയ്തു. 60 ശതമാനം കൂടുതൽ. വടക്കൻ കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിൽ മഴയിൽ വൻകുറവാണ് രേഖപ്പെടുത്തിയത്.
വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 64 ശതമാനവും കണ്ണൂരിൽ 70 ശതമാനവും മഴ കുറഞ്ഞു. ആലപ്പുഴ, എറണാകുളം, കാസർകോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലും സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളിലും മാഹിയിലും സാധാരണ നിലയിലുള്ള മഴ ലഭിച്ചിട്ടുണ്ട്.
ലക്ഷദ്വീപിൽ ഈ കാലയളവിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു. സെപ്റ്റംബർ 30ഓടെ അവസാനിച്ച തെക്കുപടിഞ്ഞാറൻ കാലവർഷ സീസണിൽ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിച്ചിരുന്നത്. ഇതിനു തൊട്ടുപിന്നാലെ ഒക്ടോബർ ആദ്യവാരത്തിൽ തുലാവർഷം ആരംഭിച്ചപ്പോഴും പത്തനംതിട്ട ഒഴികെ ജില്ലകളിൽ മഴ പ്രതീക്ഷിച്ചത്ര ലഭിക്കാത്തത് വരും ദിവസങ്ങളിൽ ആശങ്കക്ക് കാരണമാകുന്നുണ്ട്. തുലാവർഷം ശക്തിയാർജിക്കുമ്പോൾ ഒക്ടോബർ മാസത്തെ മഴയുടെ തോതിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇനി വിലയിരുത്തേണ്ടത്.
.jpg)


