അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

Heavy rain likely in the state today; Central Meteorological Department issues alert

നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വ്യാപക മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം ജില്ലയിലെ ബ്രൈമൂറിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 170.2 മിമി മഴ ലഭിച്ചു എന്നാണ് കണക്ക്.

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളിലും ഇന്നലെ അതിശക്തമായ മഴ ലഭിച്ചിരുന്നു. അച്ചന്‍കോവില്‍, അമ്പനാട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. അമ്പനാട് പ്രിയ എസ്റ്റേറ്റില്‍ റോഡുകള്‍ തകര്‍ന്നിരുന്നു. നഗര പ്രദേശങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമാണ്. തുലാവര്‍ഷം ആരംഭിച്ചതായി ഇന്നലെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കാലവര്‍ഷം രാജ്യത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങിയതിന് പിന്നാലെ കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍, മാഹി എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയ്ക്ക് തുടക്കമായി

Tags