സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടയിൽ ആശ്വാസമായി മഴയ്ക്ക് സാധ്യത

rain alert in kerala

 സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടയിൽ ആശ്വാസമായി ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. എന്നാൽ മഴയുടെ ആശ്വാസത്തിനൊപ്പം തന്നെ കൊടുംചൂടിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളതിൽ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അടുത്ത രണ്ട് ദിവസം കൂടി ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്തെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു നിൽക്കുകയാണ്. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ചൂടിന് നേരിയ ശമനമുള്ളത്. പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്ന് വെന്തുരുകുന്ന ചൂടിൽ നിന്ന് രക്ഷതേടി നിരവധി സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുന്നുണ്ട്. മൂന്നാറിലെ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല തുടങ്ങിയ ഇടങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മൂന്നാറിൽ പകലിലെ അന്തരീക്ഷ താപനില 25 ഡിഗ്രിയോട് അടുത്ത് നിൽക്കുന്നതും ഇടവിട്ട് ലഭിക്കുന്ന വേനൽമഴയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മൂന്നാറിലെ പകൽ താപനില പരമാവധി 30 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നെങ്കിലും സമതലപ്രദേശങ്ങളിലെ പൊള്ളുന്ന ചൂടില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത വിധം അന്തരീക്ഷം ചൂടുപിടിച്ചു കിടക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വേനൽമഴ ലഭിച്ചാൽ മാത്രമേ ചൂടിന് വലിയ രീതിയിലുള്ള മാറ്റമുണ്ടാകൂ.

Tags