സംസ്ഥാനത്ത് ഇന്നും നാളെയുമായി അതിതീവ്ര മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയുമായി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് 11 ജില്ലകളിലും നാളെ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ കാസർകോട്, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയെല്ലാം അവധി ബാധകമായ സ്ഥാപനങ്ങളിൽ ഉൾപ്പെടും.
എന്നാൽ കാസർകോട്, വയനാട് ജില്ലകളിൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും കോഴിക്കോട് ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. കൂടാതെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പുള്ളത്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതും, പടിഞ്ഞാറൻ ഛത്തീസ്ഗഢ്-വിദർഭ മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നതുമാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കാൻ കാരണം.
കാലാവസ്ഥ മോശമായ സാഹചര്യത്തിൽ കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
.jpg)

