കേരളത്തിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത ; മണ്ണിടിഞ്ഞ് വീണും മലവെള്ളപ്പാച്ചിലിലും 9 മരണം

Rain likely in Kerala in the coming days; 9 dead due to landslides and flash floods.

 തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അതേസമയം കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേരാണ് മരിച്ചത്. കാണാതായ ഒരാൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നുമണിക്കൂര്‍ നേരത്തേക്കാണ് ഈ മുന്നറിയിപ്പ്.

ഇന്നലെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ച ഇടുക്കി ജില്ലയില്‍ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. ദേശീയപാതയില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പഴംപള്ളിചാലിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അഞ്ച് കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ദേവിയാര്‍ പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇരുമ്പ്പാലംപഴംപള്ളിചാല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. വട്ടവടയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബാലകൃഷ്ണന്‍, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിലാണ്.

മലപ്പുറം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. തിരൂര്‍ സ്വദേശികളാണ് മരിച്ച രണ്ട് പേരും. ടികെ നഗറില്‍ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. കാണാതായ ഒരാൾക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചില്‍ തുടരുകയാണ്.

Tags